Tuesday, May 26, 2026
Home » ‘വെടിനിർത്തൽ’ പാളി: ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഇറാൻ; ലെബനനിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം.
ഇസ്രായേൽ ഇറാൻ യുദ്ധം

‘വെടിനിർത്തൽ’ പാളി: ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഇറാൻ; ലെബനനിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം.

by Editor

ടെഹ്‌റാൻ: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ ‘ഏകദേശ’ ധാരണയിലെത്തിയ വെടിനിർത്തൽ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ പാളി. പത്ത് ഇന പദ്ധതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ ഇതിനോടകം ലംഘിക്കപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് യുക്തിരഹിതമാണെന്നും ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. ഇതോടെ നിശ്ചയിച്ചിരുന്ന വെടിനിർത്തലും തുടർചർച്ചകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വെടിനിർത്തൽ ലെബനനിലേക്കും വ്യാപിപ്പിക്കുമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നതാണ് ഇറാന്‍റെ പ്രധാന പരാതി. കൂടാതെ, ഇറാനിയൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്‍റെ ഡ്രോൺ പ്രവേശിച്ചതും യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശത്തെക്കുറിച്ചുള്ള തർക്കങ്ങളും സ്ഥിതിഗതികൾ വഷളാക്കി. കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ കൊണ്ട് അർത്ഥമില്ലെന്ന് ഖാലിബാഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ ഏത് നിമിഷവും പൊളിയുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞതും കാര്യങ്ങൾ വഷളാക്കി. ‘‘ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പോസിറ്റീവായാണ് പ്രതികരിക്കുന്നത്. എന്നാൽ, മറ്റു ചില ചില ഇറാനിയൻ നേതാക്കൾ കള്ളം പറയുകയാണ്’’ – എന്ന് വാൻസ് പറഞ്ഞു. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും തള്ളിയെന്നും ഇതിനിടെ വ്യക്‌തമാക്കിയ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്, ഹോർമുസ് ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇറാൻ വീണ്ടും ഹോർമുസ് അടച്ചെന്നാണ് സൂചന. ഹോർമുസ് തുറന്നത് സംബന്ധിച്ച വ്യക്‌തതയില്ലാത്തതിനാൽ കപ്പലുകളുടെ നീക്കവും സജീവമായിട്ടില്ല.

വെടിനിർത്തൽ ധാരണ ലംഘിച്ച് പലയിടത്തും ആക്രമണങ്ങൾ തുടരുന്നുണ്ടെന്നും ഇത് സമാധാന ചർച്ചാനീക്കങ്ങളെ ബാധിക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്‌ എക്‌സിൽ കുറിച്ചു. എന്നാൽ, ‘‘വെടിനിർത്തൽ ധാരണ ലെബനന് ബാധകമല്ല’’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്.

യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും നിർത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. ഇത് പ്രസിഡന്‍റ് ട്രംപിന്‍റെ ‘റെഡ് ലൈൻ’ ആണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അമേരിക്ക വ്യക്തമാക്കിയതോടെ സമാധാന ശ്രമങ്ങൾ വഴിമുട്ടി. ചർച്ചകൾ തുടങ്ങുന്നതിന് മുൻപേ ഇരുവിഭാഗവും നിലപാടുകൾ കടുപ്പിച്ചത് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ലെബനനിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം.

ലെബനനിൽ ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുകയാണ്.ഏപ്രിൽ 8, 9 തീയതികളിൽ നടന്ന വ്യോമാക്രമണങ്ങൾ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഭീകരമായ ഒന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെറും 10 മിനിറ്റിനുള്ളിൽ ലെബനനിലെ നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളെയും സൈനിക കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ലെബനൻ സിവിൽ ഡിഫൻസിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും കണക്കുകൾ പ്രകാരം ഏറ്റവും പുതിയ ആക്രമണങ്ങളിൽ കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തെക്കൻ ലെബനൻ, ബെക്ക താഴ്‌വര (Bekaa Valley), ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഹോർമുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം നിർത്തിയില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഐആർജിസി പറഞ്ഞു.

അഞ്ച് ആഴ്ചയോളമായി തുടരുന്ന ഈ സംഘർഷം കാരണം ലെബനനിൽ ഇതുവരെ 1500-ലധികം പേർ കൊല്ലപ്പെടുകയും 11 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ

Send your news and Advertisements

You may also like

error: Content is protected !!