Mantis Partners Sydney
Tuesday, February 24, 2026
Mantis Partners Sydney
Home » ഐഎസ് ബന്ധമുള്ളവരെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ഓസ്ട്രേലിയൻ പ്രതിപക്ഷം; പരിമിതികളുണ്ടെന്ന് പ്രധാനമന്ത്രി
ഐഎസ് ബന്ധമുള്ളവരെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ഓസ്ട്രേലിയൻ പ്രതിപക്ഷം; പരിമിതികളുണ്ടെന്ന് പ്രധാനമന്ത്രി

ഐഎസ് ബന്ധമുള്ളവരെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ഓസ്ട്രേലിയൻ പ്രതിപക്ഷം; പരിമിതികളുണ്ടെന്ന് പ്രധാനമന്ത്രി

by Editor
Send your news and Advertisements

കാൻബറ: ഐഎസ് ഭീകരരുമായി ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ പ്രതിപക്ഷമായ ലിബറൽ സഖ്യം. ഐഎസ് ബന്ധമുള്ളവർക്കോ അവരുടെ അനുയായികൾക്കോ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരാൻ സഹായം നൽകുന്ന വ്യക്തികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ പുതിയ നിയമം നിർദ്ദേശിച്ചു. പ്രഖ്യാപിത ഭീകരവാദ ഹോട്ട്സ്പോട്ടുകളിലേക്ക് പോയവരെയോ ഭീകരവാദ കുറ്റം ചെയ്‌തവരെയോ ഓസ്ട്രേലിയയിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്നത് നിയമ വിരുദ്ധമാക്കണമെന്ന് ലിബറൽ സഖ്യം ആവശ്യപ്പെട്ടു.

ഇതിനായി മാർച്ച് മാസത്തിൽ പാർലമെൻ്റിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷത്തിൻ്റെ ഈ നീക്കം ഗൗരവകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഈ ആവശ്യം തള്ളിക്കളഞ്ഞു. ഓസ്ട്രേലിയൻ അതിർത്തി കടന്ന് രാജ്യത്തേക്ക് ആരൊക്കെ വരണമെന്ന കാര്യത്തിൽ സർക്കാരിന് പൂർണമായ തീരുമാനമെടുക്കാനുള്ള അധികാരം ഉറപ്പാക്കണമെന്ന് ലിബറൽ സെനറ്റർ ജെയിൻ ഹ്യൂം ആവശ്യപ്പെട്ടു. വിദേശത്ത് സഹായമെത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടല്ല മറിച്ച് ഓസ്ട്രേലിയക്കാരെ സുരക്ഷിതരായി നിലനിർത്താനാണ് ഈ നിയമ നിർമ്മാണം എന്ന് പ്രതിപക്ഷം വാദിക്കുന്നു.

പൗരത്വമുള്ളവർക്ക് മടങ്ങിവരാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും അത് തടയാൻ സർക്കാരിന് പരിമിതികളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ഈ കുടുംബങ്ങളെ തിരികെ എത്തിക്കാൻ സർക്കാർ ഒരു തരത്തിലുള്ള സഹായവും നൽകില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ലിബറൽ പാർട്ടി അധികാരത്തിലിരുന്ന കാലത്ത് ഐഎസ് പോരാളികൾ ഉൾപ്പെടെ നാല്പതിലധികം പേരെ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആൻ്റണി ആൽബനീസി ഓർമ്മിപ്പിച്ചു. സർക്കാർ നിലവിൽ നിയമോപദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ നീക്കം യഥാർത്ഥത്തിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറ്റകരമാക്കാനുള്ള ശ്രമമാണെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്ലർ വിമർശിച്ചു. വരും ദിവസങ്ങളിൽ ഓസ്ട്രേലിയൻ പാർലമെന്റിൽ ഈ വിഷയം ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പായി.

സിറിയയിലെ അൽ-റോജ് ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 11 ഓസ്‌ട്രേലിയൻ കുടുംബങ്ങളെ (11 സ്ത്രീകളും 23 കുട്ടികളും) അടുത്തിടെ സിറിയൻ അധികൃതർ തടയുകയും തിരികെ ക്യാമ്പിലേക്ക് തന്നെ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ 34 അംഗ സംഘത്തിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള മടങ്ങിവരവ് നിലവിൽ അനിശ്ചിതത്വത്തിലാണ്. പൗരന്മാരായതിനാൽ ഇവർക്ക് ഓസ്‌ട്രേലിയൻ പാസ്‌പോർട്ടുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് വിമാനത്താവളത്തിലെത്താൻ സർക്കാർ സഹായം ലഭിക്കില്ല എന്നാണ് സൂചന. ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയാൽ ഇവർ കടുത്ത സുരക്ഷാ പരിശോധനകൾക്കും വിചാരണയ്ക്കും വിധേയരാകേണ്ടി വരും. ഇവരെ തിരികെ കൊണ്ടുപോകണമെന്ന് ഐക്യരാഷ്ട്രസഭയും സന്നദ്ധ സംഘടനയായ Save the Children Australia തുടങ്ങിയവരും ഓസ്‌ട്രേലിയൻ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

 

You may also like

error: Content is protected !!