“മരത്താലേ വന്നദോഷം മരത്താലേ ഒഴിപ്പാനായ്, മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ …. “
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയുംപോരാ
പുത്തൻപാനയിലെ വരികൾ ! രചയിതാവ്, അർണ്ണോസ് പാതിരിയും. വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ട് പ്രഥമഗണനീയനും പദ്യസാഹിത്യത്തിൽ അത്രയ്ക്കു നിസ്തുലമാണ് ഇദ്ദേഹത്തിൻ്റെ സംഭാവനയെന്നും ഉള്ളൂർ സാക്ഷ്യപ്പെടുത്തിയ അർണ്ണോസ് പാതിരി…….
ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വൈദേശിക സന്ന്യാസി അർണ്ണോസ് പാതിരിയുടെ ഓർമ്മദിനമാണ് മാർച്ച് -20. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമർശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു അർണോസ് പാതിരി. യഥാർത്ഥനാമം യൊവാൻ ഏർണസ് ഹാൻക്സ്ലെഡൻ (Johann Ernst Hanxleder) എന്നാണ്.
നാട്ടു ഭാഷയിൽ അത് അണ്ണോർസ് എന്നായി. ഏണസ്റ്റ്സ് അർണ്ണോസ് ആയി അതിൻ്റെ കൂടെ കത്തോലിക്കാ ക്രിസ്ത്യൻ പുരോഹിതന്മാരെ സംബോധന ചെയ്യുമ്പോൾ “അച്ചൻ” എന്നതിന് സാധാരണമായി ഉപയോഗിക്കുന്ന പദമായ ഫാദർ പാതിരിയുമായി. പാതിരി അതും കൂടി ചേർത്ത് അർണ്ണോസ് പാതിരിയായി.
ജർമ്മനിയിലെ ഹാനൊവർ 1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്ത് ജനനം. 1699 ഒക്ടോബർ 3 ന് അദ്ദേഹംഇന്ത്യയിലേയ്ക്ക് തിരിച്ചു. ഗോവയിലെത്തി അവിടെയുള്ള പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസപരിശീലനം പൂർത്തിയാക്കി. ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചിയിലെത്തി വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു.
ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം കണക്കിലെടുത്ത് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. . എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. ജാതി വ്യവസ്ഥ കൊടിക്കുത്തിനിന്ന കാലവും. കടൽ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാൻ തയ്യാറായില്ല.
എന്നാൽ നമ്പൂതിരിമാരിൽ ഉൽപ്പതിഷ്ണുക്കളായ ചിലർ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും ആകൃഷ്ടരായി അദ്ദേഹവുമായി അടുപ്പത്തിലായി. അങ്ങനെ സംസ്കൃതം അഭ്യസിപ്പിച്ചു.
മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു.
ഉദയംപേരൂർ തുടങ്ങിയ പള്ളികളിലും അദ്ദേഹം തുടർന്ന് സേവനം അനുഷ്ഠിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി. വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് പാതിരി ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്.
അദ്ദേഹത്തിന്റെ സംസ്കൃതവ്യാകരണഗ്രന്ഥവും (സിദ്ധരൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാളനിഘണ്ടുവും ശ്രദ്ധേയമാണ്.
ചതുരന്ത്യം മലയാളക്രിസ്തീയകാവ്യം, പുത്തൻ പാന മലയാളക്രിസ്തീയകാവ്യം, ഉമ്മാപർവ്വം, മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു കൂടാതെ വാസിഷ്ഠസാരം, വേദാന്തസാരം, അഷ്ടാവക്രഗീത, യുധിഷ്ടിര വിജയം എന്നിവ സാഹിത്യ സംഭാവനകളാണ്.
മുപ്പതു വർഷത്തോളം സേവന നിരതമായ താപസജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം 1732 മാർച്ച് 20-ന് അന്തരിച്ചു.
ഹെർമ്മൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി, ആർച്ച് ഡീക്കൻ കോശി, അർണ്ണോസ് പാതിരി – നമ്മുടെ സാഹിത്യ- സാംസ്കാരിക ചരിത്രത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചവരാണ് ഇവരൊക്കെയും. സാഹിത്യവും പത്രപ്രവർത്തനവും ഒക്കെയായി നമ്മുടെ വഴികാട്ടികൾ.
AD 883-ൽ സ്ഥാപിച്ച, സീറോ മലബാർ കത്തോലിക്കാ പള്ളി, തൃശൂർ – ഒല്ലൂരിനടുത്ത് പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറാനാ പള്ളിയിൽ അടക്കം ചെയ്തു. സെന്റ് ആന്റണിയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ പള്ളിയുമാണിത്.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

