തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചിറയിൻകീഴ് അഴൂർ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന വസന്ത (77) ആണ് ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മരിച്ചത്. ഇവർ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടുവിട്ട് അധികം പുറത്തുപോകാത്ത ആളാണ് വസന്തയെന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം വീട്ടിലെ മറ്റുള്ളവർക്ക് രോഗലക്ഷണം ഇല്ല. വീടും പരിസരവും സമീപ പ്രദേശങ്ങളും പഞ്ചായത്ത് ആരോഗ്യ വിഭാഗം ക്ലോറിനേഷൻ നടത്തി. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി.
 



