കാബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. പാക് വ്യോമസേന കഴിഞ്ഞ ദിവസം അഫ്ഗാൻ മണ്ണിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, വെള്ളിയാഴ്ച രാവിലെ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലുള്ള കോഹാറ്റ് സൈനിക കോട്ടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി. അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണ പ്രകാരം, അതിർത്തിയിലെ പാക് സൈനിക നടപടികൾ നിയന്ത്രിക്കുന്ന പ്രധാന കമാൻഡ് സെന്ററായ കോഹാറ്റ് ഫോർട്ട് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഡ്യൂറൻഡ് ലൈനിന് സമീപമുള്ള ഒരു പ്രധാന യുദ്ധ കമാൻഡ് സെന്ററായ കോഹാറ്റ് സൈനിക കോട്ടയാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിട്ടത്. ഡ്രോൺ ആക്രമണത്തിൽ കോട്ടയുടെ കമാൻഡറുടെ ഓഫീസ്, സൈനിക കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, സൈനികരുടെ താമസസ്ഥലങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും സൈനികർ കൊല്ലപ്പെട്ടതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ ഇത് പാക് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും കന്ദഹാറിലും പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഈ നീക്കമെന്ന് താലിബാൻ വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്ക് മുൻപ് പാക്കിസ്ഥാൻ ഈ സംഘർഷത്തെ ഒരു “തുറന്ന യുദ്ധം” (Open War) എന്ന് വിശേഷിപ്പിച്ചിരുന്നു. കോഹാറ്റിന് പുറമെ റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസിലും താലിബാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തെഹ്രികെ താലിബാൻ പാക്കിസ്ഥാൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. വ്യാഴാഴ്ച രാത്രി കാബൂൾ, കന്ദഹാർ, പക്തിക എന്നീ പ്രവിശ്യകളിൽ പാക് വിമാനങ്ങൾ ബോംബിട്ടു. വെള്ളിയാഴ്ച നടന്ന പാക് ആക്രമണങ്ങളിൽ കാബൂളിൽ നാല് പേരും കിഴക്കൻ മേഖലയിൽ രണ്ട് പേരും ഉൾപ്പെടെ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ചൈനയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും അതിർത്തിയിൽ ഷെല്ലാക്രമണവും ഡ്രോൺ പ്രഹരങ്ങളും തുടരുകയാണ്. സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതിർത്തിയിൽ നിന്ന് ഏകദേശം 1,15,000 ആളുകൾ പലായനം ചെയ്തതായി നോർവീജിയൻ റഫ്യൂജി കൗൺസിൽ (NRC) റിപ്പോർട്ട് ചെയ്യുന്നു.


