ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ സ്ഥാപിക്കരുതെന്ന് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളിൽ ഡിജെ പോലുള്ള പരിപാടികൾ കർശനമായി നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശ നൽകി. വികസന പദ്ധതികളെ കുറിച്ചും ക്രമസമാധാനപാലനത്തെ കുറിച്ചും നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ഓരോ പദ്ധതിക്കും നോഡൽ ഓഫീസർമാരെ നിയമിക്കും. ആഴ്ചതോറും പരിശോധനകൾ നടത്താനും പുരോഗതി വിലയിരുത്താനും തീരുമാനമായി. പാതിവഴിയിൽ നിൽക്കുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാർക്ക് വേണ്ടി നഗരത്തിൽ മതിയായ വെൻഡിംഗ് സോണുകൾ നിർമിക്കുക, ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി കുറഞ്ഞ തുകയിൽ ഹോസ്റ്റലുകൾ സ്ഥാപിക്കുക, ഹോളി ആഘോഷങ്ങളിൽ കർശന ജാഗ്രത പാലിക്കുക എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ.
ക്രമസമാധാനം നിലനിർത്തുന്നതിൻ്റെ ഭാഗമായി നിരവധി നിർദേശങ്ങളാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും കന്നുകാലി കള്ളക്കടത്ത് കർശനമായി നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. കള്ളക്കടത്തുസംഘം, അവരെ സഹായിക്കുന്ന വാഹനയുടമകൾ, ഇതിൽ പങ്കാളിയാകുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.