തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനം രൂക്ഷമാകുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ്. അഞ്ചു ദിവസത്തിനുള്ളില്‍ 81.13 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടിക്കുകയും 368 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 360 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പേരില്‍ സംസ്ഥാനത്തുനിന്ന് ലഹരിമാഫിയയെ തുടച്ചുനീക്കുകയാണ് എക്‌സൈസിന്റെ ലക്ഷ്യം.
അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകൾ സംസ്ഥാനത്ത് എക്സൈസ് നടത്തിയെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തി. 21,389 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടി. പ്രതികളിൽ നിന്ന് 56.09 ഗ്രാം എം.ഡി.എം.എ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽ.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികൾ, 96 ഗ്രാം കഞ്ചാവ് ബാംഗ്, 10.2 ഗ്രാം ഹെറോയിൻ, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പരിശോധന തുടരും. ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.