തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ രംഭ വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി വർഷങ്ങൾക്കു ശേഷം ശക്തമായ കഥാപാത്രവുമായാണ് തിരിച്ചെത്തുന്നത്.
“സിനിമ എപ്പോഴും എന്റെ ആദ്യ പ്രണയമായിരുന്നു. ഒരു നടിയായെന്ന നിലയിൽ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങള്‍ ചെയ്യാനുള്ള ശരിയായ സമയമാണിത്. അഭിനയത്തിന്റെ പുതിയ സാധ്യതകൾ പരീക്ഷിക്കാനും പ്രേക്ഷകരുമായി അർത്ഥവത്തായ ബന്ധം പുലർത്താനുമുള്ള അവസരങ്ങൾക്കായി ഞാൻ കാത്തിരിയ്ക്കുകയാണ്” രംഭ വ്യക്തമാക്കി.
സിനിമകളിൽ നിന്ന് കുറച്ച് ദൂരം പാലിച്ചിരുന്നെങ്കിലും, റിയാലിറ്റി ഷോകളുടെ ജഡ്ജിയായി മിനി സ്ക്രീനിൽ സജീവ സാന്നിധ്യമായിരുന്നു രംഭ. കഴിഞ്ഞ വർഷം, ഭർത്താവിനൊപ്പം അഭിനേതാവ് വിജയ്‌യുമായി നടത്തിയ സൗഹൃദ സന്ദർശനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ രംഭയുടെ വെള്ളിത്തിരയിലേക്ക് മടങ്ങി വരവ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുകയാണ്.