പുതുച്ചേരി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയും കാജൽ അഗർവാളും അന്വേഷണവിധേയരാകുന്നു. 60 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പുതുച്ചേരി പൊലീസ്. തട്ടിപ്പ് നടത്തിയ കമ്പനിയുമായി ഇവർക്കും ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 2022-ൽ കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ക്രിപ്‌റ്റോ കറൻസി കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ തമന്ന പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഒരു ഹോട്ടലിൽ നടന്ന മറ്റ് പരിപാടിയിൽ കാജൽ അഗർവാളും പങ്കെടുത്തു. തുടർന്ന്, മുംബൈയിലെ ഒരു ക്രൂയിസ് കപ്പലിൽ വലിയതോതിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പാർട്ടി സംഘടിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.
പുതുച്ചേരിയിലെ നിക്ഷേപകരിൽ നിന്ന് 3.4 കോടി രൂപ പിരിച്ചെടുത്ത കേസിൽ നിതീഷ് ജെയിൻ (36), അരവിന്ദ് കുമാർ (40) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി ആഡംബര കാറുകൾ സമ്മാനമായി നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബർ ക്രൈം എസ്.പി. ഡോ. ഭാസ്‌കരൻ വ്യക്തമാക്കി. മൊത്തം 60 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് സൂചിപ്പിക്കുന്നു.