കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്. പി സി ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിദ്വേഷപരാമർശമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് നൽകിയ പരാതിയിൽ പിസി ജോർജ് മുൻകൂർ ജാമ്യം തേടിയെങ്കിലും അപേക്ഷ തള്ളിയിരുന്നു. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്ന് ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്‌ക്ക് മുൻപായി കീഴടങ്ങുമെന്ന് പാലാ ഡിവൈഎസ്പിയെ പിസി ജോർജ് രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെ ഇന്ന് രാവിലെ പിസിയുടെ വീട്ടിൽ അറസ്റ്റ് നടപടികൾക്കായി പൊലീസ് സംഘം എത്തിയിരുന്നു. എന്നാല്‍, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.