കൊച്ചി: പ്രശസ്ത സംവിധായകന്‍ ഷാഫി (56) അന്തരിച്ചു. മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫിയെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ രാത്രി 11.30-ന് ആയിരുന്നു വിയോഗം.
ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും.
പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫി രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി. 2001 -ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
‘പുലിവാൽ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഷാഫി ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, പൃഥ്വിരാജ്, കവ്യ മാധവൻ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി അണിയിചൊരുക്കിയ ‘കല്യാണരാമൻ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്, ‘ടു കൺട്രീസ്’ എന്നീ ചിത്രങ്ങൾ പരമ്പരാഗത ഹാസ്യത്തോടെ ജനമനസ്സുകളെ കയ്യിലെടുത്തു. ഷാഫിയുടെ അവസാന ചിത്രം ‘ആനന്ദം പരമാനന്ദം’ (2022) ആയിരുന്നു.
ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് ആദരാജ്ഞലികൾ