Saturday, April 19, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പരീക്ഷ ചോദ്യപേപ്പറിലെ വിദ്യാ – വികസന സംസ്‌കാരം
പരീക്ഷ ചോദ്യപേപ്പറിലെ വിദ്യാ - വികസന സംസ്‌കാരം

പരീക്ഷ ചോദ്യപേപ്പറിലെ വിദ്യാ – വികസന സംസ്‌കാരം

by Editor
Mind Solutions

ആർഷഭാരതത്തിൻ്റെ സാംസ്‌കാരിക പൈതൃക വേരുകളിൽ പ്രധാനമാണ് വിദ്യാഭ്യാസ വികസനം. ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികളാണ് നമ്മുടെ രാജ്യത്തിൻ്റെ ഭാവി നിർണ്ണയം നടത്തുന്നത്. ഇപ്പോൾ ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നു. മതേതര ഇന്ത്യയുടെ മാതോത്സുഖ ജീവിത വീക്ഷണത്തിലും ഈ ചോർച്ച കാണാം. ഇതിന് നേതൃത്വം നൽകുന്നത് ജാതി – മത – ജനപ്രതിനിധികളും ഭരണാധിപന്മാരുമാണ്. ട്യുണീഷ്യയുടെ ദുർഭരണത്തിനെതിരെ 2010-ൽ ആരംഭിച്ച അറബ് വസന്തം അല്ലെങ്കിൽ മുല്ലപ്പൂവിപ്ലവം ഈജിപ്‌ത് തുടങ്ങി പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും കാറ്റടിച്ചും കൊടുംങ്കാറ്റ് വിതച്ചും ധാരാളം മനുഷ്യജീവൻ പൊലിഞ്ഞു. ഈ കാറ്റ് ഇന്ത്യൻ തീരത്തേക്ക് ആഞ്ഞടിക്കുമോ? നമ്മുടെ രാജ്യത്ത് അധികാരമുള്ളവർ അവർക്ക് ഇഷ്ടമുള്ള ഭോഗ്യവസ്‌തു മധുരമധുരമായി വിഴുങ്ങുക മാത്രമല്ല ഇഷ്ടക്കാർക്ക് വീതിച്ചു് ചോർത്തി കൊടുത്തതാണ് ചോദ്യ പേപ്പറിലും കണ്ടത്. ഈ പ്രവണത ഒരു പൗരനോ, വിദ്യാർത്ഥിക്കോ ഒരു ക്ഷേമ രാഷ്ട്രം പടുത്തുയർത്താനോ ഐശ്യര്യമുള്ള ജീവിതം കണ്ടെത്താനോ സാധിക്കില്ല. മിടുക്കരായ കഷ്ടപ്പെട്ട് പഠിച്ചുവരുന്ന കുട്ടികളെക്കൂടി മലിനപ്പെടുത്തുന്ന, പരിഹസിക്കുന്ന, പഠിക്കാത്തവനെ പ്രോൽസാ ഹിപ്പിക്കുന്ന, പൊതുവിദ്യാഭ്യാസത്തെ താറുമാറാക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണം. എന്തുകൊണ്ടാണ് കേരളത്തിലെ വിജ്ഞാനോല്‌പാദന മേഖലകളിൽ ഇതുപോലുള്ള ജീർണ്ണതകൾ അടിക്കടി സംഭവിക്കുന്നത്?

നാട്ടിലെ പാവപ്പെട്ട കുട്ടികളാണ് പൊതുവിദ്യാഭ്യാസത്തെ കൂടുതൽ ആശ്രയിക്കുന്നത്. അവരുടെ ആത്മവിശ്വാസം എന്നത് അവർ കഷ്ടപ്പെട്ടും ഉറക്കളച്ചും പഠിച്ച പഠനങ്ങളാണ്. കുട്ടികളിൽ അറിവ്, ആദരം, സ്നേഹം,അച്ചടക്കം, സത്യസന്ധത, ജീവിതമൂല്യങ്ങൾ, ദേശാഭിമാനമെല്ലാം വളർത്തി അവരെ കർമ്മനിരതരാക്കുന്ന അധ്യാപകരിൽ ചിലർ അധികാരം കയ്യിൽ കിട്ടിയാൽ കക്കാത്തവനും കക്കും എന്നതുപോലെ ചോദ്യ പേപ്പർ അടുപ്പക്കാർക്ക് ചോർത്തികൊടുത്തു കട്ടുതിന്നുന്നു. ഈ കൂട്ടുകൃഷി പല മേഖലകളിലും നടക്കുന്നു. മിക്ക സർക്കാർ വകുപ്പുകളിലും ഈ പിൻവാതിൽ കൂടി കടന്നുവന്നവർ ഇതുപോലുള്ള ഹീനമായ പ്രവർത്തികൾ ചെയ്യുന്നത് കേരളത്തിൽ ഒരു തുടർക്കഥയാകുന്നു. അഹിംസ ആയുധമാക്കിയാണ് ഗാന്ധിജി സമരങ്ങൾ നയിച്ചത്. നമ്മുടെ കുട്ടികൾ ക്ലാസുകൾ മുടക്കി സമരം ചെയ്യുന്നു, കൂടെ പഠിക്കുന്നവരെ ആയുധങ്ങളേന്തി ആക്രമിക്കുന്നു, പൊതുമുതൽ നശിപ്പിക്കുന്നു, അച്ചടക്കമുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തുന്നു, കഞ്ചാവ് വിൽപ്പന നടത്തുന്നു തുടങ്ങിയ മൃഗീയ പരിപാടികളാണ് ഈ മരമണ്ടന്മാർ പഠനകാലത്തു് ചെയ്യുന്നത്. വിദേശത്തുള്ള കലാലയങ്ങളിൽ ഇതുപോലുള്ള കായിക പരിപാടികൾ കാണാറില്ല. ഇവർക്ക് തുണയായി ചോദ്യപേപ്പർ ചോർത്തി കൊടുക്കാനും, പരീക്ഷ പാസ്സാകാനും സർക്കാർ തൊഴിൽ സംവിധാനത്തെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്താനും മുന്നിട്ട് വരുന്നത് രാഷ്ട്രീയ ഭരണകൂടങ്ങളാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഗുണ്ടാവിളയാട്ടം നടത്തി വന്നവരൊക്കെ സമത്വസുന്ദരമായ ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാറില്ല. ഇങ്ങനെ മത രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ എണ്ണം ഇന്ത്യയിൽ പെരുകുന്നു. തൻമൂലം ഏറ്റവും ഉന്നത നിലവാരമുള്ള നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ അടിത്തറ ദൈനം ദിനം തകരുന്നു. ഇത് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ്. സ്‌കൂൾ പാഠപുസ്‌തകങ്ങൾ പഠിക്കാതെ ചോദ്യ പേപ്പർ ചോർത്തി വിജയം നേടുക എന്നത് കള്ളനും കാവൽക്കാരനും ഒന്നാണെങ്കിൽ രാപകൽ മുഴുവൻ കക്കാം എന്ന നിലയിൽ വിദ്യാഭ്യാസത്തെ ഒരു രാഷ്ട്രീയ അജണ്ടയായി മാറ്റുന്നു. അച്ചടക്കമുള്ള കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഈ വിപത്തിനെ സമചിത്തതയോടെ നോക്കി തിരുത്തൽ വരുത്തേണ്ടത് ആരാണ് ?

കുട്ടികളിൽ അച്ചടക്കം, വിനയം, പക്വത, അനുസരണ, ബഹുമാനത്തിന് പകരം അവരിൽ അഹന്ത, അഹംങ്കാരം,ആക്രമം വളർത്തിയത് രാഷ്ട്രീയ പാർട്ടികളും അവർക്ക് തണലായി നിൽക്കുന്ന അധ്യാപക സംഘടനകളുമാണ്. മഹനീയ സേവനമെന്ന പേരിൽ നടത്തുന്ന സംഘടനകൾ പലപ്പോഴും സാമൂഹിക ഉത്തരവാദിത്വ ങ്ങൾ ഏറ്റെടുക്കാറില്ല. ഈ ചോദ്യ പേപ്പർ ചോർച്ചയിൽ ഇവർ എന്താണ് ചെയ്‌തത്? പഠിക്കാതെ പരീക്ഷ പാസ്സായവന് മറ്റുള്ളവരെ ബഹുമാനിക്കാനോ, സ്നേഹപൂർവ്വം, പക്വതയോടെ പ്രശ്‌നങ്ങളെ നേരിടാനോ സാധിക്കില്ല. അറിവ് വേണമെങ്കിൽ ക്ലാസ്സിലിരുന്ന് ഗുരുക്കന്മാർ പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേൾക്കണം. (ഇന്നത്തെ ഭൂരിഭാഗം അധ്യാപകരും ചോദ്യങ്ങളെ ഭയക്കുന്നവരാണ്) അത് കേൾക്കാതെ ക്ലാസ്സിന് പുറത്തു് ഇങ്കിലാബ് സിന്ദാബാദ് വിളിക്കാൻ പോയാൽ അറിവിൻ്റെ കണ്ണുകൾ തുറക്കപ്പെടില്ല. ഉള്ളിൽ അഹന്ത, അഹംങ്കാരം കാടുപോലെ വളർന്ന് അധികാരത്തിൻ്റെ ബാഹ്യസൗന്ദര്യങ്ങളിൽ അഭിരമിച്ചു് ഗുരുശിഷ്യ ബന്ധങ്ങളെ, സാമൂഹ്യ ബന്ധങ്ങളെ പ്രതികാര ബുദ്ധിയോടെ കാണുന്ന ഒരു തലമുറയെ ഇതിന് മുൻപ് കണ്ടിട്ടില്ല. സമൂഹത്തിൽ പരസ്‌പര വിദ്വേഷം വളർത്തുകയല്ല വിദ്യാഭ്യാസത്തിൻ്റ ലക്ഷ്യം മറിച്ചു് ഒരു കുട്ടി ജീവിത പ്രതിസന്ധികളെ നേരിടാനും, ഭാവി സുരക്ഷ, പുരോഗതി പ്രാപിക്കാനുള്ള ആത്മധൈര്യം വളർത്തുകയാണ് വേണ്ടത്. അല്ലാതെ അധികാരവർഗ്ഗത്തിൻ്റെ അടിമ വർഗ്ഗസേവകരായി മാറിയാൽ വീട്ടിലും നാട്ടിലും പത്തിവിരിച്ചാടുന്ന വിഷ പാമ്പുകളായി മാറും. വിദ്യാർത്ഥികളെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ആരൊക്കെ താലോലിച്ചു വളർത്തിയാലും കാലം അവരെ പിഴുതെറിയുമെന്ന് മറക്കരുത്. ജാതിമത രാഷ്ട്രീയത്തിൻ്റെ മറവിൽ സമൂഹത്തിന്റെ മുക്കിലും മൂലയിലും ഇവരെ വഷളന്മാരായി വളർത്തുന്നത് മാതാപിതാക്കളോ, അധ്യാപകരോ, അതോ ഭരണകൂടങ്ങളോ?

പാശ്ചാത്യ രാജ്യങ്ങളിൽ ഒരു ജനപ്രതിനിധിയെ കണ്ടെത്തുന്നത് ജാതി മതം നോക്കിയല്ല അതിലുപരി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസത്തിൻ്റെ പശ്ചാത്തലത്തിലാണ്. അവർക്ക് മാത്രമേ പൊതുസമൂഹത്തെ കാര്യക്ഷമതയോട് നയിക്കാൻ സാധിക്കു ഇല്ലെങ്കിൽ പരീക്ഷ ചോർച്ചപോലെ ചേട്ടൻ്റനുജൻ കോന്തക്കുറുപ്പായി തുടരും, മതേതര ഇന്ത്യയുടെ സമ്പന്ന സംസ്‌കാരം മുടിഞ്ഞാലും താണുവണങ്ങി മുന്നേറാനാണ് ഈ കൂട്ടരുടെ ശ്രമം. ഇതിന് കാരണം പഠിക്കുന്ന കാലം അജ്ഞാനമാകുന്ന അന്ധകാര വഴിയിലൂടെ സഞ്ചരിച്ചതാണ്. പത്താം നൂറ്റാണ്ടിൽ നമ്പൂതിരിമാരുടെ ആധിപത്യം എങ്ങനെ കൊടികുത്തിവാണുവോ അതുപോലെ വിദ്യാലയങ്ങളിൽ സംഘടനകളായി, അധ്യാപകർ തലതൊട്ടപ്പന്മാരായി, ഊരാളന്മാരും പൂജാരികളുമായി വാഴുന്നു. കഠിനാദ്ധ്വാനമില്ലാത്ത ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ ഭാവിയുടെ വാഗ്‌ദാനങ്ങളെന്ന് പറയാൻ സാധിക്കും?

ചോദ്യ പേപ്പർ ചോർച്ചയിൽ ഒരുപറ്റം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ മാർച്ചും, സംഘർഷവും പോലീസ് ജലപീരങ്കിയും അറസ്റ്റിലുമെത്തിയിരിക്കുന്നു. സർക്കാർ നടത്തുന്ന ക്രൈം ബ്രാഞ്ച് അന്വേഷണങ്ങൾ പ്രഹസനമെന്നും ആരോപിക്കുന്നു. സ്വന്തം പോലീസിനെ മന്ദഹാസം പൊഴിച്ചുകൊണ്ടോ സ്നേഹവായ്പ്പോടെയോയല്ല കേരള ജനത കാണുന്നത് മറിച്ചു് അസ്വസ്ഥതയോടെയാണ്. പരീക്ഷ പേപ്പർ ചോർത്തി പിൻവാതിൽ നിയമനം വാങ്ങി വന്നവർ നീതിപൂർവ്വം കേസ് അന്വേഷിക്കില്ലെന്നവർ വിശ്വസിക്കുന്നു. ഇങ്ങനെ അധികാരികളുടെ ഉപഹാരങ്ങൾ സ്വീകരിച്ചുപോകുന്നവർ നിയമവകുപ്പിൽ മാത്രമല്ല എല്ലാം രംഗത്തും സാംസ്‌കാരിക രംഗത്തും കാണാനുണ്ട്. കൊട്ടാരം എഴുത്തുകാർ മന്ദസ്‌മിതത്തോടെ എത്രയോ പുരസ്‌കാരങ്ങൾ സർക്കാർ കിളിവാതിലിലൂടെ ശിരസ്സാ ഏറ്റുവാങ്ങുന്നു. അതേറ്റുവാങ്ങാൻ അവരെ യോഗ്യരാക്കുന്നത് അധികാരസ്‌തുതിയും ജാതിമത രാഷ്ട്രീയ പ്രീണനങ്ങളാണ്. അധികാരികളുടെ ഫ്യൂഡൽ പ്രവർത്തി കളെ ചോദ്യം ചെയ്യാൻ പാടുള്ളതല്ല എന്നതാണ് ഈ ആധുനിക സാഹിത്യ സഹകരണ സംഘത്തിലെ വ്യവസ്ഥ. സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എഴുത്തുകാരും, സത്യത്തിലും, നീതിയിലും, അച്ചടക്കത്തിലും പരീക്ഷയെഴുതി വിജയം വരിച്ചവരും ഇതെല്ലാം കണ്ട് നെറ്റിചുളിക്കാനെ മാർഗ്ഗമുള്ളു. സമൂഹത്തിൽ നടക്കുന്ന ഈ മൂല്യച്യുതികളെ പുനഃപരിശോധിക്കാൻ ഈ രംഗത്തുള്ളവർ എന്താണ് തയ്യാറാകാത്തത്?

പത്താം ക്ലാസ്സിലെയും പ്ലസ് വണ്ണിലെ കുട്ടികൾക്കായി ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ഒരു പറ്റം കയർ വിട്ട ജാതി രാഷ്ട്രീയ കാളകളും കൈവിട്ട് കളിക്കുന്ന സോഷ്യൽ മീഡിയ കാളകുട്ടികളും ചേർന്നുള്ള കച്ചവടമെന്നാണ് മാധ്യമ വാർത്തകൾ. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന്റെ കീഴിൽ ആറംഗ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊക്കെ തൊള്ള തൊടാതെ വിഴുങ്ങാൻ കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾ തയ്യാറല്ല. ആര് ഭരിച്ചാലും കണ്ടുവരുന്നത് ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ കുറ്റം ചെയ്ത്‌ കള്ളന് കഞ്ഞിവെക്കുന്നവനെയെല്ലാം ആദ്യം ജോലിയിൽ നിന്ന് മാറ്റി നിർത്തും. മാസങ്ങൾ കഴിയുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണയെന്ന ഭാവത്തിൽ ഉദ്യോഗകയറ്റം കിട്ടി കടന്നുവരുന്നത് കണ്ടാൽ തോന്നുക ഈ രംഗത്തുള്ളവരുടെ തലമുടിയിലും ജ്ഞാനമുണ്ടെന്നാണ്. ഇങ്ങനെ നമ്മുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗം എത്രയോ പുരോഗതി പ്രാപിച്ചിരിക്കുന്നു. എല്ലാം കണ്ടുമടുത്ത കുട്ടികൾ തുടർ പഠനത്തിന് കേരളത്തോട് വിടപറയുന്നു. മന്ത്രിക്ക് വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന് വിശ്വാസമുണ്ടെങ്കിൽ ഈ വിപത്തിന് കൂട്ടുനിന്നവർക്കെല്ലാം ക്രിസ്‌മസ്‌ മധുരം നൽകേണ്ടത് ജോലിയിൽ നിന്നുള്ള പിരിച്ചുവിടലാണ്. പാവങ്ങളുടെ നികുതിപണം കൊടുത്തു് എന്തിനാണ് ഈ വെള്ളാനകളെ തീറ്റിപോറ്റുന്നത്? ശാസ്ത്ര സത്യത്തിലും, അറിവിലും വിശ്വസിക്കുന്നവർക്ക് ജാതി മത രാഷ്ട്രീയ വിശ്വാസത്തെക്കാൾ വലുത് ജ്ഞാനമാണ്. വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമത പഠിക്കാൻ, സാമൂഹ്യ പൊതുബോധം പഠിക്കാൻ സഖാവ് എം.എ.ബേബി യുടെ ‘അറിവിന്റെ വെളിച്ചം നാടിൻ്റെ തെളിച്ചം‘ എന്ന കൃതി പഠിക്കാൻ കൊടുക്കുക, കേരള വിദ്യാഭ്യാസത്തെ വീണ്ടെടുക്കുക.

കാരൂർ സോമൻ (ചാരുംമൂടൻ)

Top Selling AD Space

You may also like

error: Content is protected !!