ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിലൂടെ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ 70 വയസ് തികഞ്ഞ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വിപുലീകരിക്കുന്ന പുതിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെയാണ് ഇൻഷൂറൻസ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) വച്ച് നടന്ന ചടങ്ങിലാണ് പുതിയ ആരോഗ്യ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. 12,850 കോടി രൂപയുടെ വിവിധ ആരോഗ്യ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.
4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?
അപേക്ഷ സമർപ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്റെർ (CSC) വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
https://beneficiary.nha.gov.in സൈറ്റിൽ കയറി അപേക്ഷ നൽകാം 2024 സെപ്തംബർ 1 പ്രകാരം 12,696 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ആകെ 29,648 ആശുപത്രികൾ പദ്ധതിക്ക് കീഴിലുള്ളത്. ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പദ്ധതി നിലവിൽ നടപ്പാക്കുന്നുണ്ട്.