പ്രയാഗ്‌രാജ്∙ മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, നിരവധി പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട് . മൗനി അമാവാസിയിൽ ഇന്നത്തെ രണ്ടാം ‘ഷാഹി സ്നാന’ത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ കോടിക്കണക്കിന് ഭക്തർ വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികൾ വിലയിരുത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.
തിരക്കിനെ തുടർന്ന് അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു. നിർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് പൊതുജനങ്ങളുടെ വലിയ പ്രയോജനത്തിനായി അഖാഡകൾ ‘അമൃത് സ്നാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ ‘ഷാഹി സ്നാന’ത്തിൽ അഖാഡകൾ പങ്കെടുക്കും.
എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?