കുവൈത്ത് സിറ്റി: സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ല എന്ന് മന്ത്രി ഖലീഫ അൽ അജീൽ. മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ചട്ടം ബാധിക്കില്ല. ഇക്കൊല്ലം മാർച്ച് 31 കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ പുതുക്കില്ലെന്നാണ് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരകണക്കിന് ആയിരകണക്കിന് പ്രവാസികളെയാണ് ഇതു ബാധിക്കുന്നത്. അതേസമയം പ്രവാസികൾക്ക് പകരമായി ഉയർന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
രാജ്യത്തിന്റെ പൊതു മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഭൂരിഭാഗം സർക്കാർ ജോലികളിൽ നിന്നും പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ ക്യാംപെയ്നും തുടങ്ങിയിരുന്നു. മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളുൾപ്പെടെ പൊതു മേഖലയിൽ മൊത്തത്തിൽ 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്, ഇവരിൽ 55 ശതമാനം പേരും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് പകരമായി സ്വദേശികളെ നിയമിക്കുക അത്ര എളുപ്പമല്ല.