ബ്രിസ്ബെൻ: ആൽഫ്രഡ് ചുഴലിക്കാറ്റ് ശനിയാഴ്ച്ച പുലർച്ചെ മാത്രമേ ക്യൂൻസ്ലാൻഡ് തീരത്തെത്തൂ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുൻകരുതൽ നടപടികളുടെ ഭാഗമായി തീരത്തോട് അടുത്തു താമസിക്കുന്ന ആളുകളെ ഇവാക്യുവേഷൻ ക്യാംപുകളിലേക്ക് മാറ്റി. കാറ്റു കൂടുതൽ നാശം വിതെക്കും എന്ന് കരുതുന്ന സ്ഥലങ്ങളിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ (വ്യാഴാഴ്ച വൈകുന്നേരം) ബ്രിസ്ബേനിൽ നിന്ന് 225 കിലോമീറ്റർ കിഴക്കും ഗോൾഡ് കോസ്റ്റിൽ നിന്ന് 215 കിലോമീറ്റർ കിഴക്ക് വടക്കുകിഴക്കുമായി ആണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ആണ് കാറ്റ് നീങ്ങുന്നത്. ആൽഫ്രഡ് കൊടുങ്കാറ്റ് നിലവിൽ കാറ്റഗറി 2 ൽ പെടുന്നു, തീരവുമായും ദ്വീപുകളുമായും ഇടപഴകാൻ തുടങ്ങുന്നതുവരെ സമാനമായ തീവ്രത തുടരുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിനും വടക്ക് കിഴക്കൻ ന്യൂ സൗത്ത് വെയിൽസിനും ഇടയിലൂടെയാണ് കാറ്റ് കടന്നു പോകുക. മണിക്കൂറിൽ 95 കിലോമീറ്ററും ചില സമയങ്ങളിൽ 130 കിലോമീറ്ററും വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് പ്രകാരം തീരത്തോട് അടുക്കുമ്പോൾ കാറ്റിന്റെ വേഗത കുറയാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ബ്രിസ്ബെനിലും സമീപ പ്രദേശങ്ങളിലുമായി അറുന്നൂറോളം സ്കൂളുകൾ അടച്ചു. ബ്രിസ്ബെനിലെ ഗോൾഡ് കോസ്റ്റ്, ബല്ലിന, കോഫ്സ് ഹാർബർ എയർപോർട്ടുകൾ അടച്ചു. ബോട്ട്, ട്രെയിൻ, ബസ് സർവീസുകളും നിർത്തിവച്ചു.
അവശ്യ ഭക്ഷ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കണമെന്ന നിർദേശത്തെ തുടർന്ന് വിപണികളിൽ രണ്ടു ദിവസമായി നല്ല തിരക്കേറിയിരുന്നു. ഭക്ഷ്യസാധനങ്ങളിൽ ചിലതിന് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ. തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിലും വടക്കു കിഴക്കൻ ന്യൂ സൗത്ത് വെയിൽസിലുമായി 40 ലക്ഷത്തിലധികം ആളുകളെ ചുഴലിക്കാറ്റും അതേത്തുടർന്നുള്ള കനത്ത മഴയും ബാധിക്കും എന്നാണ് റിപ്പോർട്ട്. 50 വർഷത്തിന് ശേഷം ആണ് ക്യൂൻസ്ലാൻഡ് ഇത്ര വലിയ ചുഴലിക്കാറ്റിനെ നേരിടുന്നത്.
വെള്ളപ്പൊക്ക സാധ്യത കൂടിയ പ്രദേശങ്ങളിൽ കഴിയുന്നവർ മാറി താമസിക്കാനും നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ സംഘങ്ങളും പ്രവർത്തനസജ്ജരായി കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ക്യൂൻസ്ലൻഡ് പ്രീമിയർ ഡേവിസ് ക്രിസഫുള്ളി പ്രഖ്യാപിച്ചത്. കാലാവസ്ഥ സാധാരണ ഗതിയിലേക്ക് എത്തുന്നതു വരെ വാഹനങ്ങളുമായി പുറത്തു പോകരുത്. ഡ്രൈവിങ് ഒഴിവാക്കണം. പുറത്തിറങ്ങി നടക്കാതെ കെട്ടുറപ്പുള്ള വീടുകളിൽ സുരക്ഷിതരായി കഴിയണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.