വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് ഒരുക്കം തുടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഖാചരണം ഇന്നാണ്
അവസാനിക്കുന്നത്. മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലാണ് കോൺക്ളേവ് നടത്തുക. കോൺക്ളേവിന് മുന്നോടിയായുള്ള ചർച്ചക്കായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർദിനാൾമാർ വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
മാർപാപ്പയെ തിരഞ്ഞെടുക്കുന്ന വിവരം ലോകത്തെ അറിയിക്കുന്നതിനുള്ള പുകക്കുഴൽ ചാപ്പലിൽ സ്ഥാപിച്ചു. ദിവസവും രാവിലെയും വൈകിട്ടുമായി രണ്ടുവീതം വോട്ടെടുപ്പാണ് നടക്കുക. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഇത്തരത്തിൽ വോട്ടെടുപ്പ് തുടരും. മാർപാപ്പയെ തിരഞ്ഞെടുത്താൽ ചാപ്പലിലെ മണി മുഴങ്ങുകയും വെളുത്ത പുക വരുകയും ചെയ്യും. തുടർന്ന് സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള ബാൽക്കണിയിൽ നിന്ന് പുതിയ മാർപാപ്പയെ പരിചയപ്പെടുത്തും.
‘ഹബേമുസ് പാപാം’ (നമുക്കൊരു മാർപാപ്പയെ ലഭിച്ചു) എന്ന വാക്കുകളോടെയാണ് പുതിയ മാർപാപ്പയെ പരിചയപ്പെടുത്തുക. 80 വയസിൽ താഴെയുള്ള കർദിനാൾമാർക്കാണ് വോട്ടവകാശമെന്നതിനാൽ നിലവിലുള്ള 252 കർദിനാൾമാരിൽ 138 പേർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള രഹസ്യ ബാലറ്റിൽ പങ്കെടുക്കാൻ അർഹതയുള്ളത്.