ഒരു ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാറുന്ന കാലത്തിന്‍റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍തോറും മികച്ച പ്രതികരണം. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‌ത ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കുടുംബപ്രേക്ഷകരിൽ നിന്നുള്‍പ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്.
‘കിളിപോയി’, ‘കോഹിന്നൂർ’ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ നഗരത്തിലെ ശ്രദ്ധേയനായ മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്.
കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്‍മിത നായർ ഡി, സാം ജോർജ്ജ്, അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ചിത്രം ആശീർവാദ് സിനിമാസ് ആണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.