Mantis Partners Sydney
Mantis Partners Sydney
Home » യക്ഷി – നോവലും സിനിമയും
യക്ഷി - നോവലും സിനിമയും

യക്ഷി – നോവലും സിനിമയും

by Editor
Send your news and Advertisements

‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധികരിച്ച ശേഷം, 1967-ൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണല്ലോ ‘യക്ഷി’. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ‘യക്ഷി‘ വിവർത്തനം ചെയ്യപ്പെട്ടു. 1993-ൽ ‘ഓഫ് ദ ഷെൽഫ്’ പരിപാടിയിൽ ബി.ബി.സി. വേൾഡ് സർവീസ്സിൽ 12 ഖണ്ഡങ്ങളായി ‘യക്ഷി‘ പ്രക്ഷേപണം ചെയ്യപ്പെട്ടു.

ഈ നോവലിന് മലയാറ്റൂർ ആദ്യം നിശ്ചയിച്ച ടൈറ്റിൽ ‘മുഖം‘ എന്നായിരുന്നു. പിന്നീട്, കവിയും തൻ്റെ ആത്മസുഹൃത്തുമായ വയലാർ രാമവർമ്മയുടെ നിർദ്ദേശ പ്രകാരമാണ് ‘യക്ഷി‘ എന്ന ടൈറ്റിൽ മലയാറ്റൂർ സ്വീകരിച്ചത്. ആഴ്ചപ്പതിപ്പിൽ വന്നപ്പോൾ ആദ്യ അദ്ധ്യായത്തിൻ്റെ ശീർഷകം ‘എൻ്റെ മുഖം’ എന്നായിരുന്നു. അക്കാലത്ത് യു.പി. സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ഞാൻ ഈ നോവൽ ‘മാതൃഭൂമി’യിൽ ഏറെ ആകാംഷയോടെ വായിച്ചത് ഓർക്കുന്നു.

യക്ഷികളെപ്പറ്റി പഠനം നടത്തുന്ന കോളേജ് ലക്ചററായ നായക കഥാപാത്രത്തിന്റെ (ശ്രീനിവാസൻ) മനസ്സിൽ സുന്ദരിയായ നായികയെപ്പറ്റി (ഭാര്യയെപ്പറ്റി) ഉളവാകുന്ന ഈ “വെറും” സംശയങ്ങൾ, വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും ഭൗതികേതര അനുഭൂതികളിലേക്കും നയിക്കുന്നു. കാരണം, ഈ നോവലിൽ മലയാറ്റൂർ ഫസ്റ്റ്-പേഴ്‌സൺ ആഖ്യാനരീതിയാണ് അവലംബിച്ചിട്ടുള്ളത്: ‘ഞാൻ’ എന്നു പറഞ്ഞുള്ള ഒരു വ്യക്തിയുടെ മാനസികവ്യാപാരത്തിൻ്റെ നേർവിവരണത്തിൽ ശ്രീനിവാസൻ തൻ്റെ ഭാര്യയെ (രാഗിണിയെ) ഒരു ‘യക്ഷി’ തന്നെയാണല്ലോ അവതരിപ്പിക്കുന്നത്; തെളിവുകളും നിരത്തുന്നു…..

കഥാന്ത്യത്തിൽ മാത്രമാണ് രാഗിണിയെപ്പറ്റിയുള്ള സത്യം നോവലിസ്റ്റ് പൂർണ്ണമായും വായനക്കാർക്ക് വ്യക്തമാക്കി കൊടുക്കുന്നത്!

ശ്രീനിവാസന്‍ – രാഗിണി എന്നിവരാണ് ഈ കഥയിലെ പ്രധാന പുരുഷനും സ്ത്രീയും. യക്ഷികളെപ്പറ്റി പഠനം നടത്തിയിരുന്ന കെമിസ്ട്രി ലെക്ച്ചറർ ശ്രീനിക്ക് തൻ്റെ കോളേജ് ലാബിൽ വച്ചുണ്ടായ ഒരു അപകടത്തില്‍ മുഖത്തിനു സാരമായ പരിക്കേറ്റു. ആരുകണ്ടാലും ഭയന്നുപോകുന്ന വിധത്തില്‍ ഭീകരമായി മുഖത്തിന്റെ ഒരു പാതി മാറിപ്പോയി. ആ അവസ്ഥയില്‍ ശ്രീനിയുടെ വിദ്യാർത്ഥിനി കൂടിയായ ആദ്യകാമുകി അയാളെ തള്ളിക്കളയുന്നു.

നിരാശനും അപകർഷതയും മൂലം ഉൾവലിഞ്ഞ ശ്രീനിക്ക് പിന്നീട് ആകസ്മികമായി മറ്റൊരു യുവതിയുമായി പരിചയമുണ്ടാകുന്നു. അസ്വാഭാവികമായ ചുറ്റുപാടില്‍ കണ്ടുമുട്ടി പരിചയപ്പെട്ട രാഗിണി എന്ന യുവതി ഒരു യക്ഷിയാണോ എന്ന് മെല്ലെ ശ്രീനിക്ക് അങ്കലാപ്പുണ്ടായിത്തുടങ്ങുന്നു. ആ ബുദ്ധിഭ്രംശങ്ങള്‍ ശ്രീനിവാസനിലും ഒപ്പം രാഗിണിയിലും സൃഷ്ടിക്കുന്ന വൈകാരിക തരംഗങ്ങളുടെ വേലിയേറ്റങ്ങളാണ് ഇവിടെ പ്രമേയം.

‘പെന്‍‌ഗ്വിന്‍ ബുക്‌സ്’ ഇന്ത്യയിൽ പ്രസാധനം തുടങ്ങിയപ്പോള്‍ ആദ്യം വിവര്‍ത്തനം ചെയ്ത മലയാള പുസ്തകമാണ് മലയാറ്റൂരിന്റെ ‘യക്ഷി’.

യക്ഷി‘യും ‘അകം‘വും (സിനിമ)

മേൽ വിവരിച്ച, മലയാറ്റൂര്‍ രാമകൃഷ്ണന്റെ അതിപ്രശസ്തമായ ‘യക്ഷി’ എന്ന നോവലിനെ ഉപജീവിച്ച് ഉണ്ടായിരിക്കുന്ന സിനിമകളാണ് ‘യക്ഷി’യും ‘അകം’വും. (ഈ രചന രണ്ടു തവണ മലയാളത്തില്‍ സിനിമയായിട്ടുണ്ട്.)

കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ‘യക്ഷി‘ എന്നു തന്നെയായിരുന്നു പേര്. നോവൽ പ്രസിദ്ധീകരിച്ചരിച്ചതിന്റെ തൊട്ടടുത്ത വർഷം (1968-ൽ) തന്നെ ‘യക്ഷി’ സിനിമയായി. കെ.എസ്‌. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.

യക്ഷിക്കഥകൾ/ പ്രേത കഥകൾ സിനിമകള്‍ മലയാളത്തില്‍ കുറേയേറെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പ്രാധാന്യമുള്ള ചിത്രമായിരുന്നു ‘യക്ഷി‘ (1968).

2011-ൽ പുറത്തിറങ്ങിയ ‘അകം’ എന്ന മലയാള ചിത്രവും മലയാറ്റൂര്‍ രാമകൃഷ്ണന്റെ അതിപ്രശസ്തമായ ‘യക്ഷി‘യെന്ന ഈ നോവലിനെത്തന്നെ ഉപജീവിച്ചുള്ള സിനിമയാണ്. വിദേശവാസിയായ മലയാളിയായ ശാലിനി ഉഷാ നായര്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘അകം‘ ചിത്രത്തിൽ ഫഹദ് ഫാസിൽ (സത്യൻ്റെ വേഷം), അനുമോൾ (ശാരദയുടെ വേഷം) എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നായകനടന്മാരിലൊരാള്‍ എന്നു പേരുകേട്ട സത്യനും മൂന്നുതവണ ദേശീയപുരസ്‌കാരം നേടിയ, ഉജ്വല നായികനടി ശാരദയും മത്സരിച്ച് അഭിനയിച്ച ചിത്രമാണു ‘യക്ഷി’.

ഗാനങ്ങള്‍ കൊണ്ടും സംഗീതം കൊണ്ടും സാങ്കേതിക ലാവണ്യങ്ങള്‍ കൊണ്ടും ജനപ്രിയതയതയാര്‍ജ്ജിച്ച് നില്‍ക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്.

സത്യനും ശാരദയും അഭിനയിച്ച വേഷങ്ങള്‍ ഇന്ന് മലയാളത്തിലെ മികച്ച യുവനടനെന്നു പേരെടുത്ത ഫഹദ് ഫാസിലും അനുമോളും അഭിനയിക്കുന്ന കാണാനുള്ള കൗതുകം ‘അകം‘ സിനിമ പകരുന്നുണ്ട്. ശാരീരിക ചലനങ്ങളില്‍ ഫഹദ് തന്റെ ശ്രദ്ധ പൂര്‍ണമായും പാലിച്ച് കഥാപാത്രത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍, സത്യന്റെ വിക്ഷോഭജനകമായ അഭിനയം ആദ്യത്തെ ‘യക്ഷി’ക്കഥ സിനിമയിൽ ഏറെ മികച്ചു നില്‍ക്കുന്നു. ശാരദ പുലര്‍ത്തിയ അലൗകികത അഭിനയ ചാതുര്യം അനുമോള്‍ക്കും അവതരിപ്പിക്കാൻ കഴിഞ്ഞില്ല.

സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമ, ‘യക്ഷിക്കഥ‘ എന്ന വിശേഷണത്തിൽ ഒതുങ്ങിക്കൂടാത്ത ചലച്ചിത്രമായിരുന്നു. ഇതിവൃത്തത്തിന്റെ ചാരുത തന്നെയാണതിന്റെ ആദ്യ സവിശേഷത. അതു കൊണ്ടാണല്ലോ പുതിയ കാലത്തും അതിനു പ്രതിരൂപങ്ങളുണ്ടാകുന്നത്.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!