വാഷിങ്ടൺ: ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചത്. അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റിൽ പരിഹസിക്കുകയും ചെയ്‌തിരുന്നു ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ എന്നിവരുടെ ചിത്രം പങ്ക് വച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം.
ട്രംപിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഷാങ്ഹായി ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റും ചൈനീസ് പ്രസിഡൻ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷമുള്ള ട്രംപിൻ്റെ ആദ്യ സാമൂഹിക മാധ്യമ പോസ്റ്റാണിത്. പതിറ്റാണ്ടുകളായി കക്ഷി രാഷ്ട്രീയ ഭേദമന്യേ അമേരിക്കയുമായി സൗഹൃദം പുലർത്തി പോന്ന ഇന്ത്യയെ പിണക്കരുതെന്ന് ഐക്യരാഷ്ട്ര സഭയിലെ മുൻ യു.എസ് അംബാസിഡർ നിക്കി ഹേലി അടക്കമുള്ള പ്രമുഖർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്‌നങ്ങൾ ഉള്ളു”. “ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് വളരെ നിരാശയുണ്ട്, ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി, 50 ശതമാനം തീരുവ. എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു”- ഇന്ത്യയെയും റഷ്യയെയും യുഎസിന് നഷ്‌ടമായെന്ന പോസ്‌റ്റിനുള്ള പ്രതികരണമായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ന്യൂഡൽഹി റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു തുടരുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നമുക്ക് ഏറ്റവും അനുയോജ്യമായ സ്രോതസ് ഏതാണെന്നതിൽ നമ്മൾ തീരുമാനമെടുക്കേണ്ടിവരും. നമ്മൾ അത് തീർച്ചയായും വാങ്ങും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. യുഎസിന്റെ താരിഫുകൾ മൂലം ദുരിതത്തിലായ കയറ്റുമതിക്കാർക്കായി സർക്കാർ ആശ്വാസ പാക്കേജ് തയാറാക്കുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) പോലുള്ള പരിഷ്കാരങ്ങൾ ഈ ആഘാതത്തെ ലഘൂകരിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.