വാഷിഗ്ടൺ: സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനെ ‘ലെവൽ 3’ (Level 3: Reconsider Travel) വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും ആണ് അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് ലെവൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാം. ഹോട്ടലുകൾ, ചന്തകൾ, ഷോപ്പിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാം എന്നാണ് മുന്നറിയിപ്പ്. തീവ്രവാദ സംഘടനകൾ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, മതപരമായ ഇടങ്ങൾ എന്നിവ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു
ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകൾ, പാക്-ഇന്ത്യ അതിർത്തി പ്രദേശമായ ലൈൻ ഓഫ് കൺട്രോൾ (LoC) എന്നിവിടങ്ങളെ ‘ലെവൽ 4’ (Do Not Travel) എന്ന അതീവ ജാഗ്രതാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പതിവാണെന്നും യുഎസ് വ്യക്തമാക്കുന്നു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ യാത്രാ നിർദ്ദേശങ്ങളെ നാല് തലങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ലെവൽ 1 -ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള വിഭാഗം, ലെവൽ 2 – സുരക്ഷാ ഭീഷണികൾ നേരിടാൻ കൂടുതൽ ശ്രദ്ധിക്കണം, ലെവൽ 3 – ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ യാത്ര പരമാവധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു. ലെവൽ 4 – ജീവന് ഭീഷണിയുള്ള ഏറ്റവും അപകടകരമായ മേഖലകൾ.



