Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » ഇറാൻ അമേരിക്ക മൂന്നാം ഘട്ട ചർച്ച അവസാനിച്ചു; നേരിയ പുരോഗതി, തീരുമാനങ്ങളില്ല
ഇറാൻ അമേരിക്ക

ഇറാൻ അമേരിക്ക മൂന്നാം ഘട്ട ചർച്ച അവസാനിച്ചു; നേരിയ പുരോഗതി, തീരുമാനങ്ങളില്ല

by Editor
Send your news and Advertisements

ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ഒമാൻ്റെ മധ്യസ്ഥതയിൽ ജനീവയിൽ നടക്കുന്ന മൂന്നാം ഘട്ട ചർച്ച അവസാനിച്ചു. ഔദ്യോഗികമായി ഒരു അന്തിമ കരാറിൽ എത്താൻ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല, എന്നാലും നേരിയ പുരോഗതിയുണ്ടെന്നാണ് സൂചന. ചർച്ചയിൽ “നിർണ്ണായകമായ പുരോഗതി” ഉണ്ടായതായി മധ്യസ്ഥ രാജ്യമായ ഒമാന്റെ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി അറിയിച്ചു.

ജനീവ ചർച്ചകൾക്ക് ശേഷം സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അടുത്ത ഘട്ട ചർച്ചകൾ അടുത്ത ആഴ്ച ഓസ്ട്രിയയിലെ വിയന്നയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്ന അമേരിക്കയുടെ കടുത്ത നിലപാടും, അത് തങ്ങളുടെ അവകാശമാണെന്ന ഇറാന്റെ വാദവും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ല. ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടിട്ടില്ലെങ്കിലും ഒരു അന്തിമ തീരുമാനത്തിലെത്താൻ ഇനിയും കടമ്പകൾ ബാക്കിയാണ് എന്നാണ് സൂചന.

തങ്ങളുടെ തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന തരത്തിൽ അമേരിക്കയുടെ ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഇറാൻ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം. ആണവ കേന്ദ്രങ്ങൾ ഉപേക്ഷിക്കുക, യുറേനിയം സമ്പുഷ്‌ടീകരണം നിർത്തുക തുടങ്ങിയ നിർദേശങ്ങൾ പാലിച്ചാൽ ഉപരോധം ഘട്ടം ഘട്ടംമായി കുറയ്ക്കാമെന്ന് അമേരിക്ക വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചാൽ സാമ്പത്തിക സഹായവും മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാൽ യുറേനിയം സമ്പുഷ്‌ടീകരണം നിർത്തണമെന്ന യു.എസ് ആവശ്യം നിരസിച്ച ഇറാൻ ആണവ പദ്ധതിയിൽ ചില വിട്ടുവീഴ്ച‌കൾക്ക് തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്. പക്ഷേ, മിസൈൽ പദ്ധതികളിലോ മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് നൽകുന്ന പിന്തുണയിലോ വിട്ടുവീഴ്‌ചയില്ലെന്ന കർശന നിലപാടിലാണ് ഇറാൻ. ഇതാണ് ചർച്ചയിൽ നിലവിൽ നിലനിൽക്കുന്ന പ്രതിസന്ധി.

ആണവ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ ചർച്ചകൾ. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.

2003 ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സന്നാഹമാണ് അമേരിക്ക ഇപ്പോൾ മിഡിൽ ഈസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരെയും യുദ്ധക്കപ്പലുകളും വിമാന വാഹിനിക്കപ്പലുകളും അമേരിക്ക മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും ഇറാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ പരിമിതമായ രീതിയിൽ ആക്രമണം നടത്തുന്നത് ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനോ അല്ലെങ്കിൽ ഭരണ മാറ്റത്തിനായുള്ള വിപുലമായ നീക്കങ്ങൾ നടത്താനോ ട്രംപ് മുതിർന്നേക്കുമെന്നും വിവരമുണ്ട്.

You may also like

error: Content is protected !!