ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഡൽഹിയിലെ എഐ ഉച്ചകോടിയിൽ ചൈനീസ് ഡോഗ് റോബോട്ടിനെ പ്രദർശിപ്പിച്ച യു.പി സർവകലാശാലയെ പുറത്താക്കി. യുപിയിലെ ഗൽഗോട്ടിയാസ് സർവകലാശാലയോടാണ് എക്സ്പോ ഏരിയ ഒഴിഞ്ഞു പോകാൻ അധികൃതർ കർശന നിർദേശം നൽകിയത്. ഗ്രേറ്റർ നോയിഡയിലെ സർവകലാശാല അധികൃതർ തങ്ങളുടേതെന്ന് പറഞ്ഞ് ചൈനീസ് ഡോഗ് റോബോട്ടിനെ എഐ ഇംപാക്ട് സമ്മിറ്റിൽ അവതരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് കടുത്ത നടപടി വന്നത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍വകലാശാല പ്രസ്താവനയിറക്കിയിട്ടുണ്ട്. റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ പങ്കുവെച്ചതാണെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ സ്ഥലത്തുനിന്നും മാറിയതായും സര്‍വകലാശാല വ്യക്തമാക്കി.
ചൈനീസ് കമ്പനിയായ യുണിട്രീ പുറത്തിറക്കിയ ജിഒ 2 എന്ന റോബോട്ടിനെയാണ് ഇവിടെ അവതരിപ്പിച്ചത്. ഓൺലൈനിൽ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപവരെ വിലയ്ക്കാണ് ഈ റോബോട്ട് വിൽക്കപ്പെടുന്നത്. ഓറിയോൺ എന്ന പേരിലാണ് ഈ റോബോട്ടിനെ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചത്. സർവകലാശാലയിലെ സെൻ്റർ ഓഫ് എക്‌സലൻസിൽ നിർമിച്ച റോബോട്ടാണിത് എന്ന പേരിൽ ഒരു പ്രൊഫസർ പറയുന്ന വീഡിയോയും ഇതിനൊപ്പം പ്രചരിച്ചു.
സംഭവം ഏറെ ചർച്ചയായതോടെ ഗൽഗോട്ടിയാസ് സർവകലാശാല ഇത് യുണിട്രീയിൽ നിന്നും കുട്ടികൾക്ക് പഠിക്കാനായി വാങ്ങിയതാണെന്നും തങ്ങളുടേതാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എക്സിൽ കുറിപ്പിട്ടു. തങ്ങൾക്കെതിരെ മനപൂർവമായ ക്യാമ്പെയിൻ നടക്കുന്നു എന്ന ആരോപണവും സർവകലാശാല ഇതിനൊപ്പം നടത്തി.
സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


