ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്ഫോടനം നടന്നതായാണ് വിവരം. സ്ഫോടനത്തെക്കുറിച്ച് യുഎസ് അധികൃതരോ വെനസ്വേലയോ ഒദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വെനസ്വേലയ്ക്കെതിരേ സൈനിക നീക്കം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുലച്ചെയോടെ വെനസ്വേലയുടെ വിവിധയിടങ്ങളിൽ ബോംബാക്രമണങ്ങൾ ഉണ്ടായത്.
യു എസ് ചാരസംഘടനയായ സി ഐ എ വെനസ്വേലയിലെ ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രം കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. കഴിഞ്ഞ കുറെ ആഴ്ച്ചകളായി പസഫിക്കിലും കരീബിയന്‍ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് യു എസ് 31 ബോട്ടുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങളില്‍ 107 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെനസ്വേലയെ ലക്ഷ്യമിട്ട് കരീബിയൻ കടലിൽ അമേരിക്കൻ നാവികസേന വൻ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. വെനസ്വേലയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന എണ്ണ കപ്പലുകള്‍ക്കും അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിക്കോളാസ് മഡൂറോയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കന്‍ ആക്രമണങ്ങളെന്നാണ് വെനസ്വേല ആരോപിക്കുന്നത്.



