Tuesday, May 26, 2026
Home » യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്; യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ
അമേരിക്ക ഇറാൻ ഇസ്രായേൽ യുദ്ധം

യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്; യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ

by Editor

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കുന്ന ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തങ്ങളുടെ ലക്ഷ്യമല്ലെന്നും, അതിനാൽ തന്നെ സൈനിക നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് പ്രസ്താവിച്ചു. ഈ പ്രസ്താവനയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ വാഷിംഗ്ടണുമായി യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് വിമർശനം ഉന്നയിച്ചു. കുറച്ച് ധൈര്യം കാണിക്കൂ എന്നാണ് വിമര്‍ശനം. ഹോര്‍മൂസ് കടലിടുക്ക് തുറപ്പിക്കാനും ചരക്ക് നീക്കം സുരക്ഷിതമാക്കാനും ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് മുമ്പ് ഹോര്‍മൂസ് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനോട് മറ്റ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപ് അവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നുകില്‍ അവര്‍ക്ക് അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാം. അല്ലെങ്കില്‍ കടലിടുക്ക് വഴി എണ്ണ എത്തിക്കാം. ഹോര്‍മൂസില്‍ ഇനി അമേരിക്ക നിങ്ങളെ സഹായിക്കില്ല എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബുദ്ധിയുണ്ടെങ്കില്‍ ഇറാന്‍ അമേരിക്കയുമായി കരാറിലെത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. അമേരിക്കയ്ക്ക് മുന്നില്‍ നിലവില്‍ അനന്ത സാധ്യതകളാണുള്ളത്. ട്രംപ് കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണ്. ഇറാന്‍ കരാറില്‍ എത്തിയില്ലെങ്കില്‍ യുദ്ധം കൂടുതല്‍ തീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള യുദ്ധത്തിൻ്റെ അടുത്ത ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമായിരിക്കും. ഇറാന് അതറിയാം. സൈനികമായി അവർക്ക് ഇതിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. പിന്മാറ്റ വാർത്തകൾക്കിടയിലും ഇസ്രായേലുമായി ചേർന്ന് ഇറാനിൽ അമേരിക്കൻ സഖ്യം ശക്തമായ വ്യോമാക്രമണം തുടരുകയാണ്.

യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ

തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിന് പ്രതികാരമായി ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ 18 പ്രമുഖ യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. ഇറാൻ സമയം ഏപ്രിൽ 1 ബുധനാഴ്ച രാത്രി 8:00 മണി മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദ്ദേശിച്ചു. കൂടാതെ, ഈ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്നാണ് മുന്നറിയിപ്പ്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്‌ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.

Send your news and Advertisements

You may also like

error: Content is protected !!