വാഷിങ്ടൺ: ആഗോള ഇന്ധന നീക്കത്തിൻ്റെ സിരയായ ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ പിടിച്ചെടുത്ത് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തെ തുടർന്ന് ഇറാൻ ഈ പാത അടച്ചത് രാജ്യാന്തര വിപണിയിൽ കനത്ത ഇന്ധന പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇതിനായി ബ്രിട്ടൺ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങളുടെ സൈനിക സഹായം ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കുമെന്നു ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും ദുർബലമായ ഒരു രാജ്യത്തിന്റെ ഭീഷണിയിൽ നിന്ന് മോചിതമാകുമെന്നും ട്രംപ് പറഞ്ഞു. വിസ്‌മയിപ്പിക്കുന്ന നീക്കത്തിലൂടെ ഇന്ധന ഇറക്കുമതിക്കായി ഈ പാതയെ ആശ്രയിക്കുന്ന ചൈനയോടും സൈനിക സഹായം നൽകാനും യുദ്ധക്കപ്പലുകൾ അയക്കാനും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. നിലവിൽ തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര. പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ, ഇറാന്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം. മറീനുകൾ കരയിലും കടലിലും പോരാടാൻ വൈദഗ്ധ്യമുള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം’ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.
അതിനിടെ ഇറാന്റെ പക്കലുള്ള 16 മൈൻ നിക്ഷേപക കപ്പലുകൾ യുഎസ് സൈന്യം തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ യുഎസ് വൻതോതിലുള്ള വ്യോമാക്രമണം നടത്തി. എണ്ണ സംഭരണികളെ ഒഴിവാക്കി, മിസൈൽ ബങ്കറുകൾ, നാവിക മൈൻ സംഭരണ കേന്ദ്രങ്ങൾ തുടങ്ങി 90-ലധികം സൈനിക ലക്ഷ്യങ്ങളാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലും ഇസ്രായേൽ ആക്രമണം നടത്തി. പരമോന്നത നേതാവിന്റെ വസതിക്ക് സമീപവും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ബെയ്റൂട്ടിലെ ദഹിയെ മേഖലയിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ഒരു ക്ലിനിക്കിന് നേരെയുണ്ടായ ആക്രമണത്തിൽ 12 മെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കൂടാതെ ഗാസയിലെ റഫയിൽ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം (IDF) ആക്രമണം നടത്തി.
ഖാർഗ് ദ്വീപിൽ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചു; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ട്രംപ്


