Tuesday, January 13, 2026
Mantis Partners Sydney
Home » മലങ്കര മൂപ്പനും ചരിത്രബോധവും
മലങ്കര മൂപ്പനും ചരിത്രബോധവും

മലങ്കര മൂപ്പനും ചരിത്രബോധവും

by Editor

സാധാരണക്കാരായ നസ്രാണികൾക്കിടയിൽ ചരിത്രബോധം കുറവാണെന്നത് ഒരു വാസ്തവമാണ്. അവരുടെ പൗരോഹിത്യത്തിനാകട്ടെ, അത് ഒട്ടുംതന്നെയില്ലെന്നു പറയാം. തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന ചരിത്രപരമായ വാദങ്ങളെ അവഗണിച്ചുകൊണ്ട്, ക്രിസ്തുവർഷം 52-ൽ ഇന്നത്തെ മാല്യങ്കരയിൽ അദ്ദേഹം എത്തി എന്ന വിശ്വാസത്തിലാണ് നസ്രാണി ചരിത്രം ആരംഭിക്കുന്നത്. ഇതിലെ ഏറ്റവും രസകരമായ വസ്തുത, ആറാം നൂറ്റാണ്ടിനുശേഷം മാത്രം കേരളത്തിലേക്ക് കുടിയേറിയ നമ്പൂതിരിമാരെ ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹാ മാമ്മോദീസ മുക്കി എന്ന് വിശ്വസിക്കുന്നതാണ്.

ഇന്ത്യക്കാർക്ക് പൊതുവെ ചരിത്രബോധം കുറവാണെന്നത് ഒരു യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഐതിഹ്യം നമ്മൾ ചരിത്രമായി കൊണ്ടുനടക്കില്ലായിരുന്നു. കഴിഞ്ഞദിവസം, ക്രൈസ്തവർക്കെതിരെയുള്ള ആർ.എസ്.എസ് – ബി.ജെ.പി നീക്കങ്ങളെ ശക്തമായി എതിർത്തുകൊണ്ട് മലങ്കര മൂപ്പൻ ചില ചരിത്ര യാഥാർത്ഥ്യങ്ങൾ തുറന്നുപറയുകയുണ്ടായി. ചില വാക്കുകളുടെ പ്രയോഗത്തിൽ (അർത്ഥവ്യത്യാസം മൂലം) വന്ന അപാകതകൾ ഒഴിച്ചുനിർത്തിയാൽ, അടുത്ത കാലത്ത് സംഘപരിവാർ അജണ്ടകൾക്കെതിരെ ഉയർന്ന ഏറ്റവും ശക്തമായ പ്രതികരണമായിരുന്നു അത്. വളരെ അർത്ഥവത്തും ചരിത്രവസ്തുതകളോട് ചേർന്നുനിൽക്കുന്നതുമായ കാര്യങ്ങൾ കൃത്യസമയത്ത് പ്രസ്താവിച്ചതിന് മലങ്കര മൂപ്പൻ അഭിനന്ദനം അർഹിക്കുന്നു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി ബി.ജെ.പി നേതൃത്വം മൂപ്പനെ നേരിൽക്കണ്ടെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

’ഹിന്ദു’ എന്ന പദപ്രയോഗത്തിലെ പിശക്
“ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറിപ്പാർത്തവർ” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആശയപരമായി ശരിയാണെങ്കിലും ‘ഹിന്ദു‘ എന്ന പദപ്രയോഗം ചരിത്രപരമായി പൂർണ്ണമല്ല. ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ‘ഹിന്ദു‘ എന്ന വാക്ക് ‘സനാതന‘ അല്ലെങ്കിൽ ‘ബ്രാഹ്മണ‘ മതത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ, ‘ഇന്ദ്‘ (സിന്ധു നദി) എന്ന പദത്തിൽ നിന്നും പരിണമിച്ച ‘ഹിന്ദ്‘ എന്ന പ്രദേശത്ത് വസിക്കുന്ന എല്ലാവരെയും സൂചിപ്പിക്കുന്ന പദമായിരുന്നു ‘ഹിന്ദു‘. അത് ബ്രാഹ്മണ മതക്കാരെ മാത്രമല്ല; മറിച്ച് ഈ മണ്ണിലെ ഇരുളർ, മന്നാൻ, സാന്താൾ, ഗോണ്ട്, യാദവർ, നായർ, ഈഴവർ, നസ്രാണികൾ, മുസ്ലീങ്ങൾ തുടങ്ങി ആസേതുഹിമാചലത്തുള്ള എല്ലാ ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള വിളിപ്പേരാണ്.

അതുകൊണ്ട് തന്നെ, ഹിന്ദുമതം (ഇവിടെ നിലനിന്നിരുന്ന ദ്രാവിഡ-ആദിവാസി വിശ്വാസങ്ങൾ) വൈദേശികമല്ല; മറിച്ച് ‘ബ്രാഹ്മണ മതം’ (ഇന്നത്തെ സനാതന ധർമ്മം) വൈദേശികമാണ് എന്നുവേണം പറയാൻ. ആര്യൻ കുടിയേറ്റത്തിലൂടെ രൂപപ്പെട്ട ബ്രാഹ്മണ മതം ഇന്ത്യയിലെത്തുന്നത് ബി.സി 1000-500 കാലഘട്ടത്തിലാണ്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് അത് ഗംഗാസമതലം കടന്ന് തെക്കേ ഇന്ത്യയിലെത്തുന്നത്.

നസ്രാണി ചരിത്രവും സനാതന മതവും
കേരളത്തിലേക്ക് സനാതന മതം എത്തുന്നത് ആറാം നൂറ്റാണ്ടോടെയാണ്. എന്നാൽ അതിനു മുൻപേ കച്ചവട ബന്ധങ്ങൾ വഴി ദ്രാവിഡ നാട്ടിൽ യേശുമാർഗ്ഗം എത്തിയിരുന്നു. ഇവിടെയുള്ള സനാതനികൾ തദ്ദേശീയരെ മതപരിവർത്തനം ചെയ്യുന്നതിന് മുൻപേ, നസ്രാണി മതം ഒരു തദ്ദേശീയ സങ്കരസംസ്കാരമായി ഇവിടെ രൂപപ്പെട്ടിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

ചുരുക്കത്തിൽ മലങ്കര മൂപ്പനും, പാണക്കാട് മൂപ്പനും, ഈഴവ-നായർ മൂപ്പന്മാരും എല്ലാം ഈ വലിയ ഹൈന്ദവ (ഇന്ത്യൻ) സംസ്കൃതിയുടെ ഭാഗമാണ്. അതിനാൽ മലങ്കര മൂപ്പൻ തന്റെ പ്രസ്താവനയിൽ ‘ഹിന്ദു‘ എന്ന വാക്കിന് പകരം ‘സനാതനികൾ’ എന്നോ ‘ബ്രാഹ്മണ മതക്കാർ’ എന്നോ ഉപയോഗിക്കുന്നതായിരുന്നു ചരിത്രപരമായി കൂടുതൽ കൃത്യത നൽകുക.

വാൽക്കഷ്ണം: വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുമരകം ധ്യാനം ബഹിഷ്കരിക്കാൻ ചില സഭകൾ തീരുമാനിച്ചപ്പോൾ, അത് തിരുത്തിച്ചത് ഇന്നത്തെ മലങ്കര മൂപ്പന്റെ മുൻഗാമിയായിരുന്നു. ഇന്ന് കത്തോലിക്കാ സഭകൾ പോലും പ്രതികരിക്കാൻ മടിക്കുമ്പോൾ, മലങ്കര മൂപ്പൻ കാണിച്ച ഈ ആർജ്ജവം അഭിമാനകരമാണ്.

ജയ് ഹിന്ദ്.
തോമസ് ജോർജ്

Send your news and Advertisements

You may also like

error: Content is protected !!