കോട്ടയം: ആത്മീയസുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ മലങ്കര സഭയുടെ മൂറോൻ കൂദാശ പൂർത്തിയായി. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ശുശ്രൂഷയിൽ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമികരായി. എത്യോപ്യൻ, എറിത്രിയൻ, റഷ്യൻ ഓർത്തഡോക്‌സ് സഭകളുടെ മെത്രാപ്പോലീത്താമാരും വിശുദ്ധ കൂദാശയിൽ സംബന്ധിച്ചു.
എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നേതൃത്വംനൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ അർക്കദിയാക്കോൻ സ്ഥാനം വഹിച്ചു. മലങ്കരമൽപ്പാൻ ഫാ. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ വിശദീകരണം നടത്തി. ഫാ.ഡോ. ജേക്കബ് കുര്യൻ മുഖ്യസന്ദേശം നൽകി. റവ.ഡോ.എം.പി. ജോർജ് കോർ എപ്പിസ്കോപ്പ ഗാനശുശ്രൂഷ നയിച്ചു. തുടർന്ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. വിശുദ്ധ മൂറോൻ പകർന്ന കുപ്പി വിശ്വാസികൾ വണങ്ങിയതോടെ ചടങ്ങുകൾ അവസാനിച്ചു.
സഭയുടെ ആരാധനാ ക്രമീകരണങ്ങളിൽ അതിവിശിഷ്‌ടമായ സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ദിവ്യ മൂറോൻ്റെ കൂദാശ. വിശ്വാസികളുടെ ആത്മീയ കവചമായും തിന്മയുടെ ശക്തികളെ ചെറുക്കാനുള്ള ആത്മീയ ധൈര്യവുമായാണ് വിശുദ്ധ മൂറോൻ കരുതപ്പെടുന്നത്. ‘മൂറോൻ’ എന്ന സുറിയാനി വാക്കിന്റെ അർഥം ‘സുഗന്ധതൈലം’ എന്നാണ്. ഒലിവെണ്ണയിൽ അനേകം സുഗന്ധദ്രവ്യങ്ങൾ ചേർത്ത് പ്രത്യേക പ്രാർഥനകൾ ചൊല്ലി കൂദാശചെയ്ത് ശുദ്ധീകരിക്കുന്ന തൈലം മാമോദീസയിലെ അഭിഷേകത്തിനും ദൈവാലയങ്ങളും ബലിപീഠങ്ങളും കൂദാശ ചെയ്യുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പരിശുദ്ധാത്മ ദാനത്തിന്റെ പൂർത്തീകരണമായും സത്യവിശ്വാസത്തിന്റെ മായാത്ത മുദ്രയായും മൂറോൻ അഭിഷേകം കരുതപ്പെടുന്നു.
1876-ൽ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിലാണ് മലങ്കരസഭയിൽ ആദ്യമായി മൂറോൻ വിശുദ്ധീകരണം നടന്നത്. മാമ്മോദീസ, പള്ളികളുടെ കൂദാശ, മൂറോൻ അഭിഷേകം, തബ്ലൈത്തായുടെ (ബലിപീഠത്തിലെ പലക) കൂദാശ തുടങ്ങിയ വിശുദ്ധ കർമ്മങ്ങൾക്കാണ് ഈ സുഗന്ധതൈലം ഉപയോഗിക്കുന്നത്. സഭാ മേലധ്യക്ഷനായ പാത്രിയർക്കീസിനോ കാതോലിക്കായ്ക്കോ മാത്രമേ ഈ കൂദാശ നടത്താനുള്ള അധികാരമുള്ളൂ. സഭയിലെ മറ്റ് മെത്രാന്മാരും വൈദികരും ഇതിൽ സഹകാർമ്മികരായിരിക്കും.

