ഗ്യാസ് വില കൂടി, അല്ലെങ്കിൽ കിട്ടാനില്ല. എന്നാൽ ഇന്നും പ്രതാപി തന്നെയാണ് വിറകടുപ്പ്.
ആഫ്രിക്കയിലെ പല വീടുകളിലും ഇന്നും പുറത്തു വിറകുകൂട്ടി അടുപ്പിൽ പാചകം ചെയ്യാറുണ്ട്. ദൂരത്തുനിന്നേ പുക ഉയരുന്നത് കാണാം. വീട്ടുവളപ്പിലെത്തുന്നതിന് മുമ്പേ തന്നെ പുക പറഞ്ഞുതരും. അടുപ്പിൽ ഭക്ഷണം വെച്ചിരിക്കുന്നു എന്ന്.
ഇന്നത്തെ കാലത്ത് ഗ്യാസിന്റെ വില കുത്തനെ ഉയരുമ്പോൾ, പലയിടങ്ങളിലും ആളുകൾ വീണ്ടും വിറകിലേക്കാണ് മടങ്ങുന്നത്. ഗ്യാസ് തുറക്കാൻ ഒരു നിമിഷം മതി എന്ന സൗകര്യം നഷ്ടപ്പെട്ടു. ഇനി തീ കത്തിക്കാൻ സമയം വേണം. വിറക് കൂട്ടണം. കാറ്റ് അനുകൂലമാകണം. ചിലപ്പോൾ കണ്ണു ചൊറിയുന്ന പുക സഹിക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്.. പുക ഉയരുമ്പോൾ, അകത്ത് എന്തോ പാകം ആവുകയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ചില അത്ഭുതങ്ങൾ വളരെ നിശ്ശബ്ദമായാണ് സംഭവിക്കുന്നത്. ആരും ശ്രദ്ധിക്കുന്നതിന് മുമ്പേ.
പക്ഷേ ജീവിതത്തിൽ ചില ഘട്ടങ്ങളുണ്ട് നിങ്ങൾക്കായി എന്തോ വലിയ കാര്യം ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴും ഒരു പുകയും ഉണ്ടാവില്ല. ശബ്ദമില്ല. അടയാളമില്ല. ഒന്നും നടക്കുന്നതേയില്ലെന്ന് തോന്നും. ഗ്യാസ് അടുപ്പുപോലെ. തീ കാണില്ല. പുകയുമില്ല. പക്ഷേ പാത്രത്തിനുള്ളിൽ ഭക്ഷണം പാകമാകുന്നുണ്ടാവും.
ഇന്ന് ഗ്യാസിന്റെ വില കണ്ടു ആളുകൾ പറയുന്നത് കേൾക്കാം. “ഒന്നും കത്തിക്കുന്നില്ല, ഒന്നും ഉണ്ടാക്കുന്നില്ല, എല്ലാം നിർത്തി.” പക്ഷേ അടുപ്പ് ഓഫ് ആണെന്ന് തോന്നുമ്പോഴും, ചില വീടുകളിൽ ഉള്ളിൽ ചൂട് നിലനിൽക്കുന്നുണ്ടാകും. തീ ചെറുതായിരിക്കും. കാണാനാവില്ല. പക്ഷേ പ്രവർത്തനം നിർത്തിയിട്ടില്ല.
മഴക്കാലം തുടങ്ങുമ്പോൾ വിത്ത് വിതയ്ക്കുന്ന കർഷകനെ ഓർത്തുനോക്കൂ. ദിവസങ്ങളോളം, ചിലപ്പോൾ ആഴ്ചകളോളം പോലും, മണ്ണിന് മുകളിൽ മാറ്റമൊന്നും കാണില്ല. വഴിയിലൂടെ പോകുന്നവർക്ക് തോന്നും. “ഇവിടെ ഒന്നും നടക്കുന്നില്ല.”
എന്നാൽ മണ്ണിനടിയിൽ, ആരും കാണാതെ, വലിയൊരു മാറ്റം നടക്കുകയാണ്. വേരുകൾ പിറക്കുന്നു. ഇരുട്ടിലൂടെ ജീവൻ മുകളിലേക്ക് കയറിവരാൻ ശ്രമിക്കുന്നു. മാറ്റം നടക്കുന്നു.. പക്ഷേ അത് ഇപ്പോൾ കണ്ണുകൾക്ക് കാണാൻ കഴിയില്ല.
ജീവിതവും പലപ്പോഴും അങ്ങനെ തന്നെയാണ്. വിജയം വലിയ പ്രഖ്യാപനങ്ങളോടെ, എല്ലാവരും കാണുന്ന തെളിവുകളോടെ എത്തണം എന്ന് പലരും കരുതുന്നു. ഉടൻ ഫലം വേണം. ഉടൻ മുന്നേറ്റം വേണം. പക്ഷേ ജീവിതത്തിലെ ഏറ്റവും വിലയേറിയ മാറ്റങ്ങൾ പലപ്പോഴും നിശ്ശബ്ദത്തിലാണ് നടക്കുന്നത്.
പതുക്കെ ഒത്തുചേരുന്ന ഒരു ജോലി അവസരം. നിങ്ങൾക്കറിയാതെ രൂപപ്പെടുന്ന ഒരു ബന്ധം. ശരിയായ സമയത്ത് തുറക്കാനായി ഒരുങ്ങുന്ന ഒരു വാതിൽ. ആഫ്രിക്കൻ സമൂഹങ്ങളിൽ മുതിർന്നവർ പറയുന്ന ഒരു വാക്കുണ്ട്. “ക്ഷമയാണ് വിധിയുടെ കൂട്ടുകാരൻ.”
നിങ്ങൾക്ക് ചലനം കാണാനാകുന്നില്ലെന്നത്, ഒന്നും നടക്കുന്നില്ലെന്നർത്ഥമല്ല. ചില അനുഗ്രഹങ്ങൾ വിറകിലെ തീപോലെ പുകകാണിച്ച് അല്ല, ഗ്യാസിലെ തീപോലെ, ശബ്ദമില്ലാതെ, ശ്രദ്ധിക്കപ്പെടാതെ.. ഉള്ളിൽ തന്നെ പാകമാകുകയാണ്.
നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാം നിശ്ശബ്ദമായി തോന്നിയ ഒരു ഘട്ടം ഉണ്ടായിട്ടുണ്ടോ?
പിന്നീട് നിങ്ങൾ തിരിച്ചറിഞ്ഞ ഒരു നിമിഷം. അന്നുതന്നെ നിങ്ങളുടെ ജീവിതത്തിനായി എന്തോ പ്രധാനപ്പെട്ടത് ഒരുങ്ങിക്കൊണ്ടിരുന്നുവെന്ന്?
ലീലാമ്മ തോമസ്, ബോട്സ്വാന


