Thursday, November 13, 2025
Mantis Partners Sydney
Home » ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം.
ദേശീയഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം.

ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം.

by Editor

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഇന്ന് രാവിലെ 9.30 ന് ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത വയലിൻ കലാകാരൻ ഡോ. മഞ്ജുനാഥ് മൈസൂറിൻ്റെ നേതൃത്വത്തിൽ 75 സംഗീതജ്‌ഞർ പങ്കെടുക്കുന്ന ‘വന്ദേമാതരം: നാദം ഏകം, രൂപം അനേകം’ എന്ന സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും. രാവിലെ 9.50-ന് രാജ്യത്തുടനീളം പൊതുസ്ഥലങ്ങളിൽ പൗരന്മാരുടെ പങ്കാളിത്തത്തോടെ ‘വന്ദേമാതരം’ ആലപിക്കും.

1875 നവംബർ ഏഴിന് അക്ഷയ നവമി ദിവസമാണ് ബംഗാളി കവി ബങ്കിംചന്ദ്ര ചാറ്റർജി ‘വന്ദേമാതരം’ രചിച്ചത്. ബംഗദർശൻ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിലാണ്, അദ്ദേഹത്തിൻ്റെ ആനന്ദമഠ് എന്ന നോവലിനകത്തെ ഈ കവിത ആദ്യമായി അച്ചടിച്ചു വന്നത്. കമലാകാന്തൻ എന്ന തൂലികാനാമത്തിലും രചനകൾ നിർവഹിച്ചിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി 1894 ൽ 55–ാം വയസ്സിൽ 55–ാം വയസ്സിൽ അന്തരിച്ചു. 2 വർഷത്തിനു ശേഷം 1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണു രബീന്ദ്രനാഥ് ടഗോർ സ്വന്തം ഈണത്തിൽ വന്ദേമാതരം ആലപിച്ചത്. 1905 ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ സമയത്തു വന്ദേമാതരം പ്രതിരോധത്തിന്റെ ഗാനമായി അലയടിച്ചപ്പോൾ ബ്രിട്ടിഷുകാർ ഇതിനു വിലക്കേർപ്പെടുത്തി.1950 ജനുവരി 24-നാണ് ദേശീയ ഗീതമായി അംഗീകരിച്ചത്.

വന്ദേ മാതരത്തിൻ്റെ 150-ാം വാർഷികം കേരളത്തിൽ വിപുലമായി ആഘോഷിക്കുന്നു. ബിജെപിയുടെയും വിവിധ യുവജന, സാംസ്‌കാരിക സംഘടനകളുടെയും സ്‌കൂളുകളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനമെങ്ങും ആഘോഷപരിപാടികൾ നടക്കുമെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡൻ്റും വന്ദേമാതരം @150യുടെ കൺവീനറുമായ ശ്രീലേഖ ഐ പി എസ് (റിട്ട)വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വന്ദേമാതര ആലാപനം, പ്രശസ്തര്‍ പങ്കെടുക്കുന്ന പരിപാടികള്‍, സാമൂഹ്യമാധ്യമപ്രചാരണങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുമെന്നും ആര്‍. ശ്രീലേഖ ഐ പി എസ് (റിട്ട) അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!