വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കായി സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ഷറ വൈറ്റ് ഹൗസിൽ എത്തി. യുഎസ് ഭീകരവാദികളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അൽ ഷറ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചർച്ച നടത്തും. 1946-ൽ സ്വാതന്ത്ര്യം കിട്ടിയശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ സിറിയൻ പ്രസിഡന്റാണ് അൽ ഷറ.
ഐഎസിനെതിരായി യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയിൽ ചേരുന്ന കരാറിൽ അൽ ഷറ ഒപ്പുവയ്ക്കും. ദമാസ്‌കസിൽ യുഎസ് വ്യോമത്താവളം ആരംഭിക്കുന്ന കരാറിലും ഒപ്പുവച്ചേക്കും. മാനുഷിക സഹായം ഏകോപിപ്പിക്കുന്നതിനും സിറിയയ്ക്കും ഇസ്രയേലിനും ഇടയിലുള്ള സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനുമാണ് ഈ സൈനികത്താവളണമെന്നാണ് വിശദീകരണം.
വെള്ളിയാഴ്‌ച അൽ ഷറയെ കരിന്‌പട്ടികയിൽനിന്ന് യുഎസ് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് സന്ദർശനം. സെപ്റ്റംബറിൽ യുഎൻ സഭയിൽ പങ്കെടുക്കാനായി അൽ ഷറ ന്യൂയോർക്കിൽ എത്തിയിരുന്നു. സിറിയയിലെ ദീർഘകാല ഭരണാധികാരി ബഷാർ അൽ അസദിനെ, കഴിഞ്ഞ വർഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം സ്വന്തമാക്കിയത്. മേയിൽ റിയാദിൽ വെച്ച് ട്രംപും ഷറയും ചർച്ച നടത്തിയിരുന്നു. ഡമാസ്‌കസിന് സമീപം സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി അന്ന് വാർത്തയുണ്ടായിരുന്നു.



