ടെഹ്റാൻ: ഇറാൻ – അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. വ്യാഴാഴ്ചത്തെ ചർച്ചയ്ക്ക് ശേഷം മാത്രമേ നയതന്ത്ര പരിഹാരമോ അതോ യുദ്ധമോ എന്ന് വ്യക്തമാവുകയുളളൂ.
കഴിഞ്ഞയാഴ്ച ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ പ്രധാന തത്വങ്ങളിൽ ധാരണയായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചി അറിയിച്ചിരുന്നു. മൂന്നാം ഘട്ടത്തിൽ ഒരു അന്തിമ കരാറിന് രൂപം നൽകാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ ചർച്ചയ്ക്ക് മുന്നോടിയായി ഇറാൻ തങ്ങളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് സമർപ്പിക്കും. പകുതിയോളം സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് അയക്കാമെന്നതുൾപ്പെടെയുള്ള വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ആണവ പ്രശ്നം മാത്രമാണ് ചർച്ചാവിഷയമെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, മിസൈൽ പരീക്ഷണങ്ങളും പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്നുണ്ട്.
അതിനിടെ ഇറാനിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ. ജനുവരിയിൽ നടന്ന ശക്തമായ പൊതുജന പ്രക്ഷോഭത്തിനും അടിച്ചമർത്തലുകൾക്കും ശേഷം ഇറാനിൽ വീണ്ടും പ്രതിഷേധം കനക്കുന്നതിൻ്റെ സൂചനയാണ് ലഭിക്കുന്നത്. പുതിയ സെമസ്റ്റർ ആരംഭിച്ച ശനിയാഴ്‌ചയാണ് ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി കാമ്പസിൽ പ്രതിഷേധം അരങ്ങേറിയത്. ഇറാനിയൻ ദേശീയ പതാകകളുമേന്തി നൂറുകണക്കിന് വിദ്യാർഥികളാണ് മാർച്ചിൽ പങ്കെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സമരക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. ബെഹെഷ്‌തി യൂണിവേഴ്‌സിറ്റി, അമീർ കബീർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും വിദ്യാർഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. വടക്കുകിഴക്കൻ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽ വലിയൊരു പ്രതിഷേധ റാലി നടന്നതായും റിപ്പോർട്ടുണ്ട്. ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാൻ കൂടിയാണ് വിദ്യാർഥികൾ ഒത്തുകൂടിയതെന്നാണ് വിവരം.
നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’, ‘യുഎസ്എസ് ജെറാൾഡ് ഫോർഡ്’ എന്നീ വിമാനവാഹിനി കപ്പലുകൾ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്തു നിന്നുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അമേരിക്കൻ വിമാന വാഹിനിക്കപ്പലുകളെ ഇറാൻ്റെ അതിർത്തിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്.
അതുമാത്രമല്ല ഇറാനുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സൈനിക താവളങ്ങളിൽ അമേരിക്ക വൻതോതിൽ അഴിച്ചുപണി ആരംഭിച്ചു. ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് നൂറുകണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങൾക്ക് മാറ്റിയതായി പെൻ്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഖത്തറിന് പുറമെ ബഹ്റിൻ, കുവൈറ്റ്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങളിലും വലിയ തോതിലുള്ള അഴിച്ചു പണികൾ നടക്കുന്നുണ്ട്. നിലവിൽ പശ്ചിമേഷ്യയിലുള്ള 30,000 മുതൽ 40,000 വരെ വരുന്ന യു.എസ് സൈനികർക്ക് ഇറാന്റെ പ്രത്യാക്രമണങ്ങളെ ചെറുക്കാൻ ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കുറവാണെന്ന വിലയിരുത്തലിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.


