Home » ഒരു യാത്രയുടെ അന്ത്യം
കഥ - ഒരു യാത്രയുടെ അന്ത്യം

ഒരു യാത്രയുടെ അന്ത്യം

by Editor
Send your news and Advertisements

“എന്റെ ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ട്.” വൃന്ദാവൻ ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ മായ പറഞ്ഞു.
“സാരമില്ല. സ്റ്റേഷനിൽ ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. നിനക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കൂടെയുണ്ടല്ലോ.”
അവൾ ഒന്നും മിണ്ടിയില്ല. കുറച്ചു സമയം കൂടി ഹോട്ടലിൽ ചെലവഴിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതിന്റെ പരിഭവം ആയിരിക്കാം.

ഇന്നലെ ഉച്ചയോടെ ഹോട്ടലിൽ മുറിയെടുത്തിട്ട് ഞങ്ങൾ പുറത്തേയ്ക്കെങ്ങും പോയതേ ഇല്ല. അവൾക്ക് പറയാൻ നൂറു നൂറു കാര്യങ്ങൾ ഉണ്ടായിരുന്നു. എനിക്കും. സ്വന്തം ജീവിതകഥകൾ… കദന കഥകൾ… അതിജീവനത്തിന്റെ കഥകൾ…

സമയം പാതിരാ കഴിഞ്ഞപ്പോൾ എനിക്ക് പറയേണ്ടിവന്നു: “ഇനി ഞാൻ കുറച്ച് ഉറങ്ങട്ടെ.”
“ശരി. ഉറങ്ങിക്കോ.” എന്നെ മാറോട് ചേർത്ത് പുൽകിക്കൊണ്ട് അവൾ സമ്മതം നൽകി.

രാവിലെ ഞാൻ ഉണർന്നപ്പോഴും അവൾ എന്നെ പറ്റിച്ചേർന്നു കിടക്കുകയായിരുന്നു. മെല്ലെ അവളുടെ കൈ എന്റെ ദേഹത്തുനിന്നും എടുത്തു മാറ്റിയപ്പോൾ അവൾ പറഞ്ഞു. “ഞാൻ ഉറങ്ങുകയല്ല… നിങ്ങൾക്ക് എങ്ങനെ ഇത്ര ഗാഢമായി ഉറങ്ങാൻ കഴിയുന്നു.” കൂടുതലൊന്നും സംസാരിക്കാതെ ഞാൻ വേഗം കുളിച്ചു തയ്യാറായി.

“എന്നെ നോർത്തിൽ വിട്ടാൽ മതി.” കാർ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിഞ്ഞപ്പോൾ അവൾ പറഞ്ഞു.

അവളെ അവിടെ ഇറക്കിയ ശേഷം ഞാൻ ഹൈവേ റോഡിലേക്ക് തിരിഞ്ഞു. ഒൻപതു മണിക്ക് മുൻപ് വീട്ടിലെത്തണം. ഞാൻ കാറിന്റെ സ്പീഡ് അല്പം കൂട്ടി. ഞാൻ വളരെ പതുക്കെയാണ് കാർ ഓടിക്കുന്നത് എന്ന് അവൾ പറഞ്ഞത് ഞാനോർത്തു.

കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൽ വച്ചാണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയത്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഒരു അകൽച്ചയും ഇല്ലാതെ അവൾ ഓടിവന്ന് സംസാരിച്ചു. കോളേജ് കാല പ്രണയത്തിലെ തമാശകൾ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും കമിതാക്കൾ ആകുകയായിരുന്നു.

അവളുടെ വിവാഹം കഴിഞ്ഞ് കുട്ടി ഉണ്ടായതിനുശേഷം ഭർത്താവ് അവളെ ഉപേക്ഷിച്ചു പോയി. അവൾ തളർന്നില്ല. സ്വന്തമായി ജോലിയുണ്ടായിരുന്നതുകൊണ്ട് അവൾ കഷ്ടപ്പെട്ട് ജീവിച്ചു. മോനെ പഠിപ്പിച്ചു. അവനു ജോലിയുമായി. ഇപ്പോൾ അവൻ വിവാഹിതനായി ഭാര്യയോടൊപ്പം യുകെയിലാണ്. അങ്ങോട്ട് പോകാൻ മായയ്ക്കു താൽപര്യമില്ല.

“ഇനിയെങ്കിലും സ്വതന്ത്രമായി ജീവിക്കണം. ആർക്കും വേണ്ടി അല്ലാതെ സ്വന്തമായി ഒരു ജീവിതം. ഇഷ്ടമുള്ള സ്ഥലത്ത് പോകുക, പഴയ സുഹൃത്തുക്കളെ കാണുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അങ്ങനെ ജീവിത തിരക്കിൽ സാധിക്കാതെ പോയ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുക.”
അവളുടെ പുതിയ ജീവിത സങ്കല്പം അവൾ വിവരിച്ചു.

“നിനക്ക് വേറൊരു വിവാഹം കഴിക്കാമായിരുന്നില്ലേ.”
“ഇല്ല. ഇനി ഒരു വിവാഹം എനിക്ക് വേണ്ട. വീണ്ടും തളയ്ക്കപ്പെടുവാൻ എനിക്കാഗ്രഹമില്ല.”
ഒന്നു നിർത്തിയിട്ട് അവൾ ചോദിച്ചു:

“നിന്റെ ഭാര്യ ഇല്ലാതായാൽ നീ അങ്ങനെ ചെയ്യുമോ?”
ചോദ്യം എനിക്കിഷ്ടമായില്ലെങ്കിലും ഞാൻ പറഞ്ഞു. “ഇല്ല. മറ്റൊരു കുടുംബജീവിതം എനിക്കിനി വേണ്ട.”
അത് കേട്ട് അവൾ ഗൂഢമായി പുഞ്ചിരിച്ചു.

പരസ്പരം മനസ്സ് തുറന്നു കൊണ്ടുള്ള സംഭാഷണങ്ങൾ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
“നമുക്ക് എങ്ങോട്ടെങ്കിലും ഒരു ടൂർ പോയാലോ. ഒരു ദിവസം ഏതെങ്കിലും റിസോർട്ടിൽ ചെലവഴിച്ചാലോ.”
അവളാണ് അങ്ങനെയൊരു നിർദ്ദേശം വെച്ചത്.

“ഞാൻ നിന്നെപ്പോലെ ‘ഫ്രീ ബേഡ്’ അല്ല. വീട്ടിൽ പ്രായമായ അമ്മയുണ്ട്. ക്യാൻസർ ബാധിതയായ ഭാര്യ കിടപ്പിലാണ്. മകൾ എം കോമിന് പഠിക്കുന്നു. ജീവിതം വലിഞ്ഞു മുറുകി മുന്നോട്ടുപോകുകയാണ്.”

അപ്പോൾ അവൾ പറഞ്ഞു. “ഒന്ന് റിലാക്സ് ചെയ്യൂ. അത്രയും ടെൻഷൻ കുറയട്ടെ. ഒരു ദിവസത്തേക്ക് നമുക്ക് ഒരു യാത്ര പോകാം”.

അങ്ങനെയാണ് ‘ഒഫീഷ്യൽ ടൂർ’ എന്ന കാരണം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. എങ്കിലും രാവിലെ ഒൻപതു മണിക്ക് മുൻപ് എത്തുമെന്ന് മകളോട് പറഞ്ഞിരുന്നു. കാരണം മോൾക്ക് ഫൈനൽ എക്സാം ഇന്ന് തുടങ്ങുകയാണ്. അവളെ കോളേജിൽ കൊണ്ടുപോയി വിടണം.

പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. മോളാണ്. വൈകുമോ എന്നറിയാൻ വിളിച്ചതാകാം. ഞാൻ കാർ ഒതുക്കി നിർത്തിയ ശേഷം ഫോൺ എടുത്തു.
“പപ്പാ എവിടം വരെയായി. വേഗം വരൂ. അമ്മയ്ക്ക് സുഖമില്ല…അമ്മ ഒന്നും സംസാരിക്കുന്നില്ല…”
അവൾ കരയുന്ന സ്വരത്തിൽ പറഞ്ഞു.
“ഞാനിതാ എത്തിക്കഴിഞ്ഞു മോളേ. ഒരു അഞ്ചു മിനിറ്റ് കൂടി.” ആദ്യമായി അമിതവേഗത്തിൽ ഞാൻ കാറോടിച്ചു…
കാർ വീടിന്റെ ഗേറ്റിൽ എത്തിയപ്പോഴേക്കും അകത്തുനിന്ന് മകളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കുന്നുണ്ടായിരുന്നു…

തങ്കച്ചൻ പതിയാമൂല

You may also like

error: Content is protected !!