ന്യൂഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്‌ച നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ തരൂർ പ്രതികരിച്ചു.
ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങും, തരൂർ മാധ്യമങ്ങളോടു പറഞ്ഞു. “ഞങ്ങൾ വളരെ ക്രിയാത്മകവും ഗുണപരവുമായ ചർച്ചയാണ് നടത്തിയത്. എല്ലാം ശുഭകരമാണ്, ഞങ്ങൾ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. ഇതിൽ കൂടുതൽ എന്താണ് പറയാനുള്ളത്,” പാർട്ടിയിലെ ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ചിരിയോടെ തള്ളിക്കളഞ്ഞുകൊണ്ട് തരൂർ പറഞ്ഞു. പാർലമെന്റിൽ കോൺഗ്രസിന്റെ നിലപാടുകളിൽ നിന്ന് താൻ ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്ന് പറയുമ്പോൾത്തന്നെ പാർട്ടി നേതൃത്വത്തിന് മുന്നിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉന്നയിക്കാനുണ്ടെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് തരൂരും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ കണ്ടുതുടങ്ങിയത്. പ്രതിസന്ധി കൈകാര്യം ചെയ്തതിൽ പ്രധാനമന്ത്രിയെ തരൂർ പരസ്യമായി പ്രശംസിച്ചത് പാർട്ടിയിൽ നിന്ന് കടുത്ത പ്രതികരണങ്ങൾക്ക് കാരണമായി. തരൂർ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് വരെ ചില നേതാക്കൾ സൂചിപ്പിച്ചു. ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യയുടെ പ്രതികരണത്തെക്കുറിച്ചും സൗഹൃദ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ബിജെപി ക്ഷണിച്ച സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ തരൂർ തയ്യാറായതോടെ അസ്വസ്ഥതകൾ വീണ്ടും വർദ്ധിച്ചു.
നവംബറിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തരൂർ പ്രശംസിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ കുടുംബവാഴ്ചയെ വിമർശിച്ചുകൊണ്ടുള്ള ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ എന്ന പേരിൽ തരൂർ എഴുതിയ ലേഖനവും പാർട്ടി നേതൃത്വത്തിന് ഒട്ടും തൃപ്തികരമായിരുന്നില്ല.



