Thursday, January 29, 2026
Mantis Partners Sydney
Home » മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; സംസ്കാരം ശനിയാഴ്‌ച
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; സംസ്കാരം ശനിയാഴ്‌ച

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; സംസ്കാരം ശനിയാഴ്‌ച

by Editor

കൊച്ചി മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്‌പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായി. മാർക്കറ്റ്ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. 1982-ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഐഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987-ൽ പെരുമ്പാവൂർ നിലനിർത്തി. ജനതാപാർട്ടിയുടെ രാമൻ കർത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി. 1991-ൽ 3311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാദളിൻറെ എ ദേവസ്സിയെ തോൽപിച്ച് ഹാട്രിക് വിജയം നേടി. 1996-ൽ നാലാം ജയം. ജനതാദൾ സ്ഥാനാർഥി രാമൻ കർത്തയെ 4783 വോട്ടിന് തോൽപിച്ചു. നാലു തവണ തുടർച്ചയായി വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച പി പി തങ്കച്ചന് പക്ഷേ, 2001-ൽ സ്വന്തം തട്ടകത്തിൽ കാലിടറി. എൽഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ൽ കുന്നത്തുനാട്ടിൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

എട്ടാം നിയമസഭാ സ്പീക്കർ, എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി (1995 മെയ് മൂന്ന് മുതൽ 1996 മേയ് 20 വരെ), 1996 മുതൽ 2001 വരെ പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡൻറ്, കെപിസിസി പ്രസിഡൻറ് താൽക്കാലിക ചുമതല തുടങ്ങി കേരളത്തിൻറെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീർഘകാലം നിറഞ്ഞുനിന്ന വ്യക്‌തിയായിരുന്നു പി പി തങ്കച്ചന്‍. ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. മരുമക്കൾ: തിരുവല്ല തട്ടാംകുന്നേൽ ഡോ. സാമുവൽ കോശി, പാമ്പാടി പറപ്പിള്ളിൽ ഡോ. തോമസ് കുര്യൻ, സെമിന വർഗീസ്.

സംസ്കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന് 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!