Mantis Partners Sydney
Sunday, February 22, 2026
Mantis Partners Sydney
Home » രൂത്തിന്റെ പുസ്തകം രക്ഷയുടെയും: ജിസ ജോസിന്റെ നോവൽ
രൂത്തിന്റെ പുസ്തകം രക്ഷയുടെയും: ജിസ ജോസിന്റെ നോവൽ

രൂത്തിന്റെ പുസ്തകം രക്ഷയുടെയും: ജിസ ജോസിന്റെ നോവൽ

by Editor
Send your news and Advertisements

‘ക’ ഫെസ്റ്റിവൽ കഴിഞ്ഞിറങ്ങിയപ്പോൾ വാങ്ങിയതാണ് ജിസ ജോസിന്റെ ‘രൂത്തിന്റെ പുസ്തകം രക്ഷയുടെയും’ എന്ന നോവൽ. ഇതിന്റെ 415 പേജസ്‌ എന്ന വിശാലത കണ്ട് ഒന്നു പമ്മി നിന്നതാണ്. അങ്ങനെയാണ് രാജശ്രീയുടെ നിന്റെ കഥ ആദ്യമെടുത്തത്. അപ്പോളെല്ലാം രൂത്ത് എന്നെ മോഹിപ്പിച്ചുക്കൊണ്ടിരുന്നു.. എന്തായാലും ജിസ ടീച്ചറിന്റെ അല്ലേ ബോറടിക്കില്ല എന്ന മുൻ വിധിയോടെ വായന തുടങ്ങി. രൂത്തിനെ എനിക്കു നന്നായി അറിയാം, നവോമിയുടെ മരുമകൾ, ബോവാസിന്റെ പ്രിയതമ. ജിസയുടെ ‘വിള നിലങ്ങളിലെ ‘ നായിക.

വായിച്ചു വരവേയാണ് രക്ഷ ഒരു കഥാപാത്രമാണ് എന്ന് മനസ്സിലാവുന്നത്. വായനയിൽ ചിലപ്പോഴൊക്കെ ഈ പേര് ഒരു കല്ലുകടിയായി. ഒരു ക്രിയയിൽ നിന്ന് നാമമായി ‘രക്ഷ.’ പെട്ടെന്ന് പൊരുത്തപ്പെട്ടു. വായിച്ചു വായിച്ച് പോകുമ്പോൾ 1950-കളിൽ പിറന്ന വായനക്കാർക്കൊക്കെ ഇതിലെ കഥാ പാത്രങ്ങളെയും ജീവിത സാഹചര്യങ്ങളെയും വേഗം മനസ്സിലാകുമെന്ന് പിടുത്തം കിട്ടി. എനിക്കത് ഒരു നൊസ്റ്റാൾജിയയോളം വലർന്നു വലുതായി. ഇന്നത്തെ തലമുറയ്ക്ക് കേട്ടാൽ മനസ്സിലാകാത്ത കൂട്ടു കുടുബ വ്യവസ്ഥിതിയുടെ രസങ്ങളും, ഒപ്പം കാഠിന്യവും ജിസ ഇതിൽ സമൃദ്ധമായി വരച്ചിട്ടിരിക്കുന്നു. ജിസ ജോസ് എന്നും ഒരു ഫ്ളക്സിബിൾ എഴുത്തു കാരിയാണ്.

മുക്തിബാഹിനിയിൽ വളരെ കുറച്ചു കഥാ പാത്രങ്ങളേ ഉള്ളുവെങ്കിൽ രൂത്തിൽ വിവിധ കഥാ പാത്രങ്ങളുടെ സമൃദ്ധിയാണ്.. മരണപ്പെട്ട പേരപ്പനൊന്നും അത്രവേഗം മനസ്സിൽ നിന്ന് ഇറങ്ങി പോകില്ല. സ്ത്രീകളുടെ ഒരു നിരതന്നെയുണ്ട് ഈ നോവലിൽ. ഈ നോവൽ പറയുന്നത് പെൺജീവിതങ്ങളെ കുറിച്ചാണ്. പലകാലങ്ങളിൽ ജീവിച്ച കുറെയധികം സ്ത്രീകളുടെ കുടിയേറ്റത്തിന്റെ, അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ, ഒപ്പം അവരനുഭവിച്ച പട്ടിണികളുടെയും നേരിട്ട കൊടിയ പീഡനങ്ങളുടെയും കഥയെന്ന് പുസ്തകത്തിന്റെ ബ്ലർബിൽ എഴുതിയിരിക്കുന്നത് വായനയ്ക്കൊടുവിൽ വായനക്കാർ ശരി വയ്ക്കുന്നു.

കഥ തുടങ്ങുന്നത് ഒരു ആശുപത്രിയിലാണ്. ഒരു വൃദ്ധ സദനത്തിൽ നിന്നും ആശുപത്രി കിടക്കയിൽ എത്തുന്ന രൂത്തെന്ന വൃദ്ധ തന്നെ പരിചരിക്കുന്ന രക്ഷ ത്യാഗിയോട്‌ തന്റെ കുട്ടിക്കാല ഓർമ്മകളിൽ നിന്നും തന്റെ കഥ പറഞ്ഞു തുടങ്ങുന്നു. മങ്ങിയും, മറഞ്ഞും തെളിഞ്ഞും വരുന്ന ഓർമകളിൽ നിന്നാണ് ഘട്ടം ഘട്ടമായി രൂത്ത് കഥ പറയുന്നത്. എന്നാൽ ഇത് രൂത്തിന്റെ മാത്രം കഥയല്ല. രൂത്ത്, ജൂഡിത്ത്, നവോമി, ശോശക്കുട്ടി, ചിച്ചിലി, ലിസാമ്മ, ത്രേസ്യാചാച്ചി, … തുടങ്ങി പല സ്ത്രീകളുടെ കഥയാണ്. ഓരോരുത്തരും പറയുന്നത് അത്ഭുതപ്പെടുത്തുന്ന ഓരോ കഥകൾ.

ജൂഡിത്ത് എന്ന എഴുത്തുകാരി കഥാ പാത്രം, മുക്തിബാഹിനിയിലെ മധുപർണയെ ഓർമപ്പെടുത്തി. മൂന്നു ഭാഗങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന ഈ നോവലിൽ രണ്ടാം ഭാഗം രക്ഷയുടെ കഥയാണ്. രക്ഷ പറയുന്നു, രൂത്ത് കേൾക്കുന്നു. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് കൂടിയേറേണ്ടിവന്ന ആമോദിനി എന്ന രക്ഷയുടെ അമ്മ, ശൈലേന്ദ്ര എന്ന so called സന്ന്യാസിക്കൊപ്പം കേരളത്തിൽ കുറേ നാൾ പാർക്കുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ ആഗ്രഹിക്കാത്ത ശൈലേന്ദ്ര ഭാര്യ ആമോദിനിയെയും മകൾ രക്ഷയേയും ഉപേക്ഷിച്ചു നാടുവിടുന്നു. ആമോദിനി പറയുന്ന കഥ മുഴുവൻ ഞടുക്കത്തോടെ അല്ലാതെ വായിച്ചു തീർക്കുവാൻ സാധിക്കുകയില്ല. കൂടെ നീൽ കാന്ത, പാടാചാര, ബുവൻ പിന്നെയും പല കഥാ പാത്രങ്ങൾ വിവിധങ്ങളായ ഞെട്ടിക്കുന്ന കഥകളാണ് പറയുന്നത്.

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലെ ചില ഏടുകൾ അതിൽ ഉൾപ്പെട്ട ചില മനുഷ്യരിലൂടെ ജിസ സമർത്ഥമായി വരച്ചിടുന്നു. അത്രയും ശക്തമായ എഴുത്താണ് നോവലിന്റെ ഈ ഭാഗം കാഴ്ചവയ്ക്കുന്നത്. ഈ നോവലിൽ ജിസ അൻപതുകളിലെ കേരളത്തിലെ പല രാഷ്ട്രീയ സംഭവങ്ങളും, വിമോചന സമരവും, രാഷ്ട്രീയ സാമുദായിക രംഗത്തു ഉണ്ടായ പ്രക്ഷോഭങ്ങളും നക്സൽബാരി പ്രസ്ഥാനത്തിന്റെ ഉത്ഭവവും അതിനു പിന്നാലെ ഉണ്ടായ കലഹങ്ങളും രക്തച്ചൊരിച്ചിലുകളും അടയാളപ്പെടുത്തുമ്പോൾ നമ്മുടെ മനസ്സും വർഗീസ്സിനെയും പല പോലിസ്സുകാരെയും ഓർത്തു പോകുന്നു.

മൂന്നാം ഭാഗത്തിൽ രൂത്തിന്റെ അവസാന ദിവസങ്ങളാണ്. അതിങ്ങനെ ഐ. സി യു. വിലും റൂമിലുമായി ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. ഇടയിൽ ജൂഡിത്തിന്റെ വരവുകളുണ്ട്. എങ്ങിനെയും രക്ഷയിൽ നിന്നും രൂത്ത് പറഞ്ഞ് കേട്ടെഴുതിയ കഥ കൈക്കലാക്കി പുസ്തകമെഴുതുക എന്നതാണ് ജൂഡിത്തിന്റെ ലക്ഷ്യം. അത് രക്ഷയ്ക്ക് പിടി കിട്ടുന്നുണ്ട്. ഒപ്പം മറവിരോഗം ഉണ്ടെന്ന് നമുക്കു തോന്നുന്ന രൂത്തിനും പിടികിട്ടുന്നുണ്ട്. രൂത്ത് രക്ഷയോടു പറയുന്നുണ്ട് “ജൂഡിത്തിനു എഴുത്തിന്റെ നക്ഷത്ര കണ്ണുകൾ ഉണ്ട്. നീയത് അവൾക്ക് കൊടുത്തേക്ക്. അതിൽ നിന്റെ കഥയും ഉൾപ്പെടുമല്ലോ. ഇവിടെ രക്ഷ ഒരു നിമിഷം തകർന്നു പോകുന്നുണ്ട്. രൂത്തിന്റെ മരണശേഷം മൊബൈൽ ഫോണിൽ നിന്നും എഴുതിയതെല്ലാം ഡിലീറ്റ് ചെയ്തു കളയണം എന്നായിരുന്നു രക്ഷയുടെ ആഗ്രഹം.. മുക്തി ബാഹിനിയിലെ മധുപർണ്ണ ജയിക്കുന്നതുപോലെ ഇവിടെ ജൂഡിത്തിനെയും ജയിക്കുവാൻ രക്ഷ അല്ല, ജിസ ടീച്ചർ അനുവദിക്കുകയാണ്.

ഇതിനെ തീർച്ചയായും ഒരു സ്ത്രീ കേന്ദ്രീകൃത നോവൽ എന്ന് പറയാം. കൂടെ ഒരു കാലത്തെ കേരളത്തിന്റെ, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ജിസ ജോസ് എന്ന അനുഗ്രഹീത എഴുത്തുകാരി ജീവിതം എഴുതുന്നതിനിടയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.

ജിസയ്ക്കും, രൂത്തിനും, രക്ഷയ്ക്കും ഭാവുകങ്ങൾ നേർന്നുകൊണ്ട്,

ഡോ. കുഞ്ഞമ്മ ജോർജ്ജ്

You may also like

error: Content is protected !!