Monday, October 27, 2025
Mantis Partners Sydney
Home » മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക് …
മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക് ...

മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക് …

by Editor

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാർത്ഥ വീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുൻവിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്. മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാരംഗത്തു് പുത്തൻ ആശയങ്ങളുണർത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളിൽ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്കരണം പ്രായോഗികമാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ ദിശാ ബോധമില്ലാത്തവർ, പിന്നാമ്പുറങ്ങളിലൂടെ ബിരുദം നേടിയവർ അധ്യാപകരായാൽ, അധികാരികളായാൽ അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കേണ്ട വിദ്യാർത്ഥികൾ കൂടും വീടും മറന്ന് അറിവ് നേടാൻ വിദേശത്തേക്ക് പ്രാണനുംകൊണ്ട് പറക്കുന്ന കാഴ്‌ചയാണ് കാണുന്നത്.

പള്ളുരുത്തി സെന്റ്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ അരങ്ങേറിയ ഹിജാബ് വിഷയം സാംസ്‌കാരിക ജീർണ്ണതയിൽ ജീവിക്കുന്ന മത വർഗ്ഗീയ രാഷ്ട്രീയ പാർട്ടികളുടെ ഗൂഡാലോചനയിൽ ഉടലെടുത്തതാണ്. ലോകമെങ്ങും ക്രൂരവും മനുഷ്യത്വഹീനമായ പ്രവർത്തികൾ ചെയ്യുന്ന ഈ കൂട്ടരുടെ ലക്ഷ്യം സാഹോദര്യം, മത സൗഹാർദ്ദം തകർക്കുകയാണ്. സ്‌കൂൾ അധികാരികളുടെ, രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ മത മൗലിക – വർഗ്ഗീയവാദികൾ എന്തിനാണ് പങ്കെടുത്തത്? സ്‌കൂളിൻ്റെ ചട്ടങ്ങൾ അനുസരിച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു വിദ്യാർത്ഥിനിയെ മത കുരിശിൽ തറച്ചത് ആരാണ്, എന്തിനാണ്? ഒരു സ്‌കൂൾ വിഷയം സമൂഹത്തിൽ ആളിക്കത്തിച്ചത് ആർക്ക് വേണ്ടി? കഴിഞ്ഞ മുപ്പത് വർഷങ്ങളായി മഹനീയ സ്ഥാനമുള്ള, കുട്ടികളെ ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന, പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ ഫീസ് സൗജന്യമായി നൽകുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപമാനിക്കാൻ കുറെ അന്ധന്മാർ മുന്നോട്ട് വന്നത് അവിടെ ആദ്ധ്യാത്മിക ചൈതന്യം കുടികൊള്ളുന്നതുകൊണ്ടാണോ?

വികസിത രാജ്യങ്ങളുടെ സാംസ്‌കാരിക വളർച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല അവരുടെ തുറസ്സായ വായനയിൽകൂടിയാണ്. മത ദൈവങ്ങളെ ആരാധിക്കുന്ന പല കുടുംബങ്ങളിലും അടിമകളെപോലെ ജീവിക്കുന്ന പെൺകുട്ടികൾക്ക് തൊഴിലധിഷ്‌ഠിത വിദ്യ ലഭിക്കുമ്പോൾ അവിടുത്തെ പുരുഷകേസരികൾക്ക് വർത്തമാനകാലത്തിൻ്റെ വളർച്ച ഉൾകൊള്ളാൻ സാധിക്കുന്നില്ല. അവരെ അടിമകളായി, ഭോഗവസ്‌തുവായി വീട്ടിൽ തളച്ചിടണം. സ്ത്രീകളോടുള്ള വിവേചനവും അസൂയയുമാണ് മത വിശ്വാസത്തെ കൂട്ടുപിടിക്കുന്നത്. മനുഷ്യർ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ കഴിവും സാമർഥ്യവുമുള്ള മുസ്ലിം പെൺകുട്ടികൾ പൊതുധാരയിലേക്ക് കടന്നുവരുന്നതിനെ എതിർക്കുന്നതും അറിവില്ലായ്‌മയും അന്ധവിശ്വാസവുമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളിൽ ഉറച്ചു നിൽക്കുന്ന പെൺകുട്ടികൾ, വിദ്യാസമ്പന്നരായ മാതാപിതാക്കൾ മതതീട്ടൂരങ്ങൾക്ക് കൂട്ടുനിൽക്കുന്നവരല്ല. മതതീവ്രതയുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളോട് കന്യാസ്ത്രീകൾ കാട്ടുന്ന അനന്യ സ്നേഹ- ദീനാനുകമ്പയും ഈ കൂട്ടർക്ക് ഉൾകൊള്ളാൻ സാധിക്കില്ല. വിദ്യയിൽ നിന്ന് കുട്ടികൾ നേടുന്നത് നല്ല സംസ്‌കാരം, അറിവ്, വിനയം, അനുസരണ, അച്ചടക്കമാണ്. വിത്തിനൊത്ത വിളപോലെ പക്വതയില്ലാത്ത വിദ്യാഭ്യാസ – സാംസ്‌കാരിക മൂല്യശോഷണത്തിന്, കുട്ടികൾ മയക്ക് മരുന്നിന് അടിമകളാകുന്നതിന് ആരൊക്കെയാണ് ഉത്തരവാദികൾ?

കേരളത്തിലെ ഓരോ കാഴ്‌ചകളും വാഴുന്ന കൈയ്ക്ക് വളയണിയുന്നവനെ മതി എന്ന നിലയിലാണ്. വർഗ്ഗീയ ശക്തികളെ വാഴ്ത്തി വീർത്തു വരുന്ന രാഷ്ട്രീയ പാർട്ടികൾ അന്ധവിശ്വാസങ്ങൾക്കും അനീതിക്കും കൂട്ടുനിൽക്കുന്നു. ജാതി മത വോട്ടിന് വേണ്ടി വർഗ്ഗീയത കേരളത്തിൽ കാടുപോലെ വളർത്തി വർഗ്ഗീയ വഷള് വളരാൻ കേരളത്തിൽ വളമിട്ടുകൊടുക്കുന്നത് മനുഷ്യ പുരോഗതിക്കാണോ? മതത്തിന്റെ മറവിൽ അധികാരമൊരു കൃഷിയായി മരണം വരെ തുടരുന്നവരുടെ ലക്ഷ്യം മനുഷ്യരെ തമ്മിലടിപ്പിക്ക മാത്രമല്ല പാവങ്ങളെ അടിമകളാക്കി വോട്ട് പെട്ടി നിറയ്ക്കുകയും ചെയ്യാം. ഈ കഴുക്കണ്ണുള്ളവരെ എന്തു കൊണ്ടാണ് വിവേകശാലികൾ മനസ്സിലാക്കാത്തത്.? വെളിച്ചത്തിൽ നിന്ന് വർഗ്ഗീയതയെ എതിർക്കുകയും മനസ്സിൽ വേരൂന്നിയ വർഗ്ഗീയതയെ ഇരുളിൽ പരസ്‌പരം തലോടുക ഇവരുടെ വർഗ്ഗസ്വഭാവമാണ്. എന്തിനും അഭയം തേടിപ്പോകുന്ന ഈ മുഖംമൂടികളെയാണ് സമൂഹം തിരിച്ചറിയേണ്ടത്. ലോകമെങ്ങും സമൂഹത്തിൽ നടക്കുന്ന അധാർമ്മിക അനീതികളെ അക്ഷരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ കേരളത്തിലെ എഴുത്തുകാർ ഇപ്പോഴും മൗനവൃതത്തിലാണ്.

ലോകമെങ്ങും ധാരാളം മഹാന്മാർ വിദ്യ നേടിയിട്ടുള്ളത് ക്രിസ്‌ത്യൻ മിഷനറിമാർ രൂപം കൊടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണ്. വിദ്യാഭ്യാസ പുരോഗതിക്കായി അവർ ചെയ്തിട്ടുള്ള സേവനങ്ങൾ പ്രശംസനീയമാണ്. എന്തുകൊണ്ടാണ് ക്രിസ്‌ത്യൻ പഠനശാലകളിൽ കുട്ടികൾ പോകുന്നത്? അവർ പഠിപ്പിക്കുന്നത് മതമല്ല മാനവികതയാണ്. ക്രിസ്ത‌്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഒരു വിശ്വാസ് മുന്നേറ്റമായി കൊണ്ടുവരുന്നതിൻ്റെ ദുരുദ്ദേശം ആർക്കാണ് മനസ്സിലാകാത്തത്? ഏത് സ്ഥാപനമായാലും, സംഘടനയായാലും അവർക്കൊരു നിയമാവലിയുണ്ട്. അതിൽ യൂണിഫോം കോഡ് എല്ലാവരും ഒന്നായി നിൽക്കുന്നുവെന്നാണ്. അതനുസരിച്ചുപോകാൻ സാധിക്കില്ലെങ്കിൽ ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കാറുണ്ട്. ആ മത സ്ഥാപനങ്ങളിലേക്ക് എന്തുകൊണ്ടാണ് പോകാത്തത്? മനുഷ്യ മനഃസാക്ഷിയുള്ള ജോലിയും കൂലിയുമില്ലാതെ മറ്റുള്ളവരെ ചൂഷണം ചെയ്‌തു ജീവിക്കുന്നവരാണ് ഏറെ മൂത്ത് പോത്തനാകാൻ വരുന്നത്. ദൈവനാട്ടിൽ കാലനുമുണ്ടാകും കാലക്കേടുപോലെ പിശാചിൻ്റെ സന്തതികൾ സ്‌കൂളിൽ മാത്രമല്ല ശബരിമല സ്വർണ്ണവും കൊള്ളചെയ്യുന്നു.

എല്ലാം കുട്ടികളും ഒരേ യൂണിഫോം ധരിക്കുമ്പോൾ നീതിന്യായ കോടതികളെപോലും ധിക്കരിച്ചു് നിസ്‌കരിക്കാൻ മുറി വേണം, സ്വന്തം യൂണിഫോം ധരിച്ചുവരുമെന്നൊക്കെ പറയാൻ ഭാരതം ഒരു മത രാഷ്ട്രമല്ല. മത ദൈവങ്ങൾ വാഴുന്ന രാജ്യങ്ങളിലേക്ക് കടന്നുകയറിയാൽ അജ്ഞതയും അന്ധകാരവും ഹീനകർമ്മങ്ങളും ധാരാളമായി കാണാം. അവരെപോലെ ദുഷ്ടകർമ്മങ്ങൾ ചെയ്യാൻ, വ്യക്തി സ്വാതന്ത്ര്യം ഹനിക്കാൻ ഒരു വികസിത ജനാധിപത്യ രാജ്യമോ, നിരീശ്വരനോ മുന്നോട്ട് വരില്ല. ജനാധിപത്യത്തിൽ നിയമ സഭകൾക്ക് പരമോന്നത സ്ഥാനമുണ്ടെങ്കിലും ഭരണഘടനയെ തൊട്ടുകളിക്കാൻ അനുവാദമില്ല. വിജ്ഞാനത്തിന്റെ അലകൾ പ്രസരിക്കുന്ന ഈ ലോകത്തു്, മനുഷ്യർ പുരോഗതിയിലേക്ക് സഞ്ചരിക്കുമ്പോൾ അതുല്യമായി നിലനിൽക്കേണ്ടത് മനുഷ്യർ തമ്മിലുള്ള സഹാനുഭൂതിയും സന്തോഷവുമാണ്. അത് തുടങ്ങേണ്ടത് സ്‌കൂൾതലം മുതലാണ്. അവിടെ മതകഥകളും ചട്ടങ്ങളുമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്കൂ‌ളിൽ കുട്ടികൾ പോകുന്നത് പഠിക്കാനാണ് അല്ലാതെ വസ്ത്ര പ്രദർശനം നടത്താനല്ല.

തൊഴിൽശാലകളിലും വിദ്യാഭ്യാസ മേഖലകളിലും പരിഷ്കൃത മനുഷ്യൻ്റെ സംസ്‌കാര സമ്പന്നത നിർണായകമാണ്. സ്‌കൂളിൽ ഭയവും ഭീഷണിയും നിലനിർത്തി വിലപ്പെട്ട രണ്ട് അധ്യയന ദിനങ്ങൾ അടച്ചിട്ടതിൻ്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമോ? കോടതിനിയമത്തെ ലംഘിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ നിർദ്ദേശങ്ങൾ നിൽകിയ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടർ ആ സ്ഥാനത്തു് തുടരുമോ? ഇങ്ങനെ വിവിധ മേഖലകളിൽ നുഴഞ്ഞുകയറി മത വർഗ്ഗീയത, ഭീകരത വളർത്തുന്ന ഏത് മത വിശ്വാസിയായാലും ഭരണ പ്രതിപക്ഷങ്ങൾ കുടപിടിക്കരുത്. ഓരോ പ്രവാചകന്മാർ ഈ മണ്ണിൽ ജന്മമെടുത്തിട്ടുള്ളത് ഭൂമിയെ സ്വർഗ്ഗമാക്കാനാണ്. മതത്തെ മറയാക്കി അധികാരം പിടിച്ചെടുത്തു് പെണ്ണിനെ നരകകുഴിയിൽ തള്ളിയിടാനല്ല ശ്രമിക്കേണ്ടത്. കേരളത്തിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന, സമൂഹത്തിൽ ഭിന്നത വളർത്തി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ കലഹമുണ്ടാക്കാൻ ശ്രമിക്കുന്നത് രാജ്യസ്നേഹമല്ല രാജ്യദ്രോഹമാണ്.

കാരൂർ സോമൻ,(ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!