Thursday, November 13, 2025
Mantis Partners Sydney
Home » ചെങ്കോട്ട സ്ഫോടനം: മരണം 12 ആയി; കുറ്റക്കാരെ വെറുതെ വിടില്ലെന്നു നരേന്ദ്ര മോദി
നരേന്ദ്ര മോദി

ചെങ്കോട്ട സ്ഫോടനം: മരണം 12 ആയി; കുറ്റക്കാരെ വെറുതെ വിടില്ലെന്നു നരേന്ദ്ര മോദി

by Editor

ന്യൂ ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്.

ചെങ്കോട്ട സ്‌ഫോടനത്തില്‍ 3 മരണം കൂടി സ്ഥിരീകരിച്ചു, ഇതോടെ മരണസംഖ്യ 12 ആയി. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ ‘വേഗത്തിലും സമഗ്രമായും‘ അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കോട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനായി യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ട‌ർ തപൻ ഡേക, ഡൽഹി പോലീസ് കമ്മിഷണർ സതീഷ് ഗോൽച്ച, എൻഐഎ ഡിജി സദാനന്ദ് വസന്ത് ദാത്തെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്‌മീർ ഡിജിപി നളിൻ പ്രഭാതും വെർച്വലായി യോഗത്തിൽ പങ്കെടുത്തു.

അതിനിടെ ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ചിത്രം പുറത്തുവിട്ടു. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24-ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടർന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ. ഉമറാണ് സ്ഫോടനം നടത്തിയ വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!