കൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തിൽ ലക്ഷ്‌മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ്, സോനമോൾ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശിയായ യുവാവ് ആണ് പരാതി നൽകിയിരിക്കുന്നത്. നടി ലക്ഷ്മി മേനോന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസില്‍ നാല് പ്രതികളാണുള്ളത്. അതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ രാത്രി 11.45-ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്‌മി 2011-ൽ വിനയൻ ചിത്രം രഘുവിൻ്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയിൽ വിക്രം പ്രഭുവിൻ്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴിൽ ശ്രദ്ധേയമായ ചിത്രങ്ങളും അവർ ചെയ്തിട്ടുണ്ട്.