ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. 2023-ലെ രക്തരൂക്ഷിത വംശീയകലാപത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തുന്നത്. ചുരാചന്ദ്പൂരിലും ഇംഫാലിലുമായി വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 8,500 കോടി രൂപയുടെ 17 വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മിസോറാം സന്ദർശിച്ച് വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള പുതിയ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.
നൂറുകണക്കിന് പേരുടെ ക്രൂരമായ കൊലപാതകത്തിനിടയാക്കിയ മണിപ്പൂര്‍ സംഘര്‍ഷ ഭൂമിയിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ദീര്‍ഘകാലമായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് മണിപ്പൂര്‍ സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. മിസോറാമിലെ അക്രമബാധിത പ്രദേശങ്ങളിലെ ആളുകളുമായി പ്രധാനമന്ത്രി സംവദിക്കും എന്നാണ് സൂചന. അവിടെ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
മിസോറാമിനെ രാജ്യത്തിന്റെ റെയിൽവേ ശൃംഖലയുമായി കൂട്ടിയിണക്കുന്ന ഭൈരബി – സായ് രംഗ് റെയിൽവേ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചുരാചന്ദ്പൂരിൽ 7,300 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ ഇംഫാലിലെ കാംഗ്ല കോട്ടയിൽ 1,200 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുമെന്ന് മണിപ്പൂർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മണിപ്പൂരില്‍ സമാധാനത്തിനും വേഗത്തിലുള്ള വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന് പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസ്സോറാമും അസ്സമും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് വിവരം.