കൊളംബിയ: വടക്കുകിഴക്കൻ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ 15 പേർ മരിച്ചു. നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നു വീണത്. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. 15 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും മരിച്ചെന്നും കൊളംബിയ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
നിയമസഭാംഗം ഡയോജെനെസ് ക്വിന്റെറോ, മനുഷ്യാവകാശ പ്രവർത്തകൻ കാർലോസ് സാൽസെഡോ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിലേക്ക് കാർലോസ് മത്സരിക്കാനിരുന്നതാണ്. സംഘർഷം രൂക്ഷമായ കൊളംബിയ- വെനസ്വേല അതിർത്തിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു 35 കാരനായ കാർലോസ്. അഭിഭാഷകനായ അദ്ദേഹം സായുധ സംഘർഷത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലെ സജീവമായിരുന്നു.
കൊളംബിയയുടെ അതിർത്തി നഗരമായ കുകൂട്ടയിൽനിന്ന് പ്രാദേശിക സമയം രാവിലെ 11:42 ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ലാൻഡിങ്ങിന് മുൻപായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിനായി തിരച്ചിൽ നടത്താനും മൃതദേഹങ്ങൾ വീണ്ടെടുക്കാനും സർക്കാർ വ്യോമസേനയെ വിന്യസിച്ചു.



