Tuesday, January 13, 2026
Mantis Partners Sydney
Home » പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും
പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും ബാല നോവൽ - ഭാഗം 8

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

ബാല നോവൽ - ഭാഗം 8

by Editor

രാവിലെ അമ്മ സ്കൂട്ടിയെടുത്തു കടയില്‍പോയി. സിസിലിയാന്‍റി വീടെല്ലാം വൃത്തിയാക്കുന്ന സമയം പിങ്ക്ളാങ്കിയും പിപ്പിനും മാലാഖമാരുടെ മുറിയില്‍ എത്തി. മാലാഖമാര്‍, അവനോടു വിശേഷങ്ങള്‍ ചോദിച്ചു. സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ചയേയുള്ളൂ. പഠിത്തം ഉഴപ്പരുതെന്ന് മിഖായേല്‍മാലാഖ പറഞ്ഞു. ഏരിയല്‍ വാത്സല്യത്തോടെ പിപ്പിനെ കളിപ്പിച്ചു.

ജോഫിയേല്‍മാലാഖ സ്കൂളില്‍ അവന്‍റെ ക്ലാസ്സിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ചെറിയ തോട്ടം ഉണ്ടാക്കാന്‍ മുന്‍കൈ എടുക്കാന്‍ പറഞ്ഞു. റാഫേല്‍ മാലാഖ അവന്‍റെ തലയില്‍ തലോടി.
സിസിലിയാന്‍റി താഴത്തെ ജോലി തീര്‍ക്കുന്നതിനുമുമ്പേ ഐവാന്‍ മുറ്റത്തേക്കു പോയി.
പിപ്പിന്‍ അവിടെയെല്ലാം ഓടിക്കളിച്ചു.

അവന്‍റെ കൂടുപണിയുന്നിടത്തു കുറച്ചുസമയം നോക്കിനിന്നു. ഏകദേശം തീരാറായി. കൂടിന് ഇനി ഗേറ്റ് പിടിപ്പിക്കണം. അതും കൊണ്ടുവന്നുവച്ചിട്ടുണ്ട്.
അതിനുള്ളില്‍ അമ്മ തിരികെ വന്നു. ഉച്ചകഴിഞ്ഞ് കുറച്ചു സമയംകൂടി വീട്ടില്‍ നില്‍ക്കാമോ എന്ന് സിസിലിയാന്‍റിയോടു ചോദിച്ചു. ഐവാനും അമ്മയ്ക്കും സ്കൂളില്‍ പോകണം. ഇന്നാണ് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ വാങ്ങേണ്ട ദിവസം. കൂടാതെ, യൂണിഫോമിന്‍റെ അളവും കൊടുക്കണം.

പിപ്പിനെ സിസിലിയാന്‍റിയോടു നോക്കാന്‍ പറഞ്ഞേല്പിച്ച് അമ്മയും മകനും സ്കൂളിലേക്കു പുറപ്പെട്ടു. ഐവാന് സ്കൂളില്‍ പോകുന്നതു സന്തോഷമാണ്. കൂട്ടുകാരോടൊക്കെ പിപ്പിന്‍റെ കാര്യം പറയണം. ശ്ശൊ, ഒരു ഫോട്ടോ എടുക്കേണ്ടതായിരുന്നു; എല്ലാവരെയും കാണിക്കാന്‍. സ്കൂള്‍ തുറന്നാല്‍ പിന്നെ അമ്മയുടെ ഫോണ്‍ കിട്ടില്ല. അത് ഓര്‍ക്കാഞ്ഞതില്‍ കുറച്ച് ഇച്ഛാഭംഗം തോന്നി.

സ്കൂളില്‍ കൂട്ടുകാര്‍ എല്ലാവരും വന്നിട്ടുണ്ട്. അവരുടെ കൂടെവന്നത് കൂടുതലും അമ്മമാരായിരുന്നു. പുതിയ പുസ്തകങ്ങള്‍ വാങ്ങി. യൂണിഫോമിന് അളവെടുക്കാന്‍ നിന്നപ്പോള്‍ വിശാല്‍ ഓടിവന്ന് ഐവാനോട് ഒരു സങ്കടവാര്‍ത്ത പറഞ്ഞു. അവരുടെ കൂട്ടുകാരന്‍ അശ്വിന് ബ്ലഡ് ക്യാന്‍സറാണെന്ന്. അവന്‍ കുറെ നാളുകള്‍ ആശുപത്രിയിലായിരുന്നു. ഐവാന്‍ ഇതുകേട്ടു കരഞ്ഞുപോയി. അശ്വിന്‍ നാരായണനുമായി എല്‍.കെ.ജി മുതല്‍ ഒന്നിച്ചുപഠിക്കാന്‍ തുടങ്ങിയതാണ്. നല്ല കൂട്ടുകാരന്‍.

“അവന് എന്തെങ്കിലും പറ്റുമോ?” വിശാലിനോട് ഐവാന്‍ ചോദിച്ചു.
“അതറിയില്ല, അശ്വിന്‍റെ അമ്മ, എന്‍റെ അമ്മയുടെകൂടെ പഠിച്ചതാണ്, അങ്ങനെയാണ് ഞാന്‍ ഇത് അറിഞ്ഞത്, അവന്‍ വല്ലാതെ മെലിഞ്ഞുപോയെന്ന്. കീമോതെറാപ്പി തുടങ്ങി, നീ ഈ കാര്യം ആരോടും പറയരുത്.”
“അമ്മയോടും പപ്പയോടും പറയട്ടേ?”
“അവരോടു പറഞ്ഞോ.”

വന്നപ്പോള്‍ തോന്നിയ സന്തോഷം ഒക്കെ മാഞ്ഞുപോയി. വീട്ടില്‍ എത്തുന്നവരെ ഐവാന്‍ മൂകനായിരുന്നു.
“എന്താടാ ഒരു വിഷമം? പിപ്പിനെ വീട്ടില്‍ വിട്ടിട്ടു വന്നതു കൊണ്ടാണോ?”
“അല്ലമ്മേ, എന്‍റെ കൂടെ പഠിക്കുന്ന അശ്വിന്‍ നാരായണനെ അമ്മയ്ക്കറിയില്ലേ?”
“അവന് എന്തുപറ്റി?”
“അവനു ബ്ലഡ് ക്യാന്‍സറാണെന്ന് വിശാല്‍ പറഞ്ഞു. അവന്‍ വല്ലാതെ മെലിഞ്ഞുപോയെന്നും വിശാല്‍ പറഞ്ഞു.”
“അശ്വിന്‍റെ അച്ഛന്‍, ബെന്നിച്ചായന്‍റെകൂടെ പഠിച്ചതാ…”
“അമ്മ ബെന്നിച്ചായനെ ഒന്നു വിളിച്ചുചോദിക്കുമോ?”
“ആ വിളിക്കാം.”

പിപ്പിന്‍ വന്നു കാലില്‍ ഉരുമ്മി. പിങ്ക്ളാങ്കി അവനോടു പറഞ്ഞു:
“എന്‍റെ കൂട്ടുകാരനു വയ്യാ, നമുക്ക് റാഫേല്‍മാലാഖയോടു പറയാം, അവനെ സുഖപ്പെടുത്താന്‍.”
അമ്മ എങ്ങോട്ടെങ്കിലും ഒന്നു മാറാന്‍ അവന്‍ കാത്തിരുന്നു, പക്ഷേ, അമ്മയുടെ കണ്ണുവെട്ടിക്കാന്‍ സാധിച്ചില്ല.
അമ്മ ബെന്നിച്ചായനെ വിളിച്ചു. പക്ഷേ, ബെന്നിച്ചായന്‍ ഈ വിവരം അറിഞ്ഞില്ല എന്നു പറഞ്ഞു.
പതിവുപോലെ അമ്മ കുളിക്കാന്‍ പോയ നേരംനോക്കി, പിപ്പിനെയും കൂട്ടി മാലാഖമാരെ കാണാന്‍ പോയി.

“റാഫേല്‍മാലാഖ എനിക്ക്, ഒരു റിക്വസ്റ്റ് ഉണ്ട്.”
“എന്താ കേള്‍ക്കട്ടെ.”
“എന്‍റെ കൂട്ടുകാരന്‍ അശ്വിന്‍ നാരായണന്‍, അവനു സുഖമില്ല, ബ്ലഡ് കാന്‍സര്‍, മാലാഖ അവനെ സുഖപ്പെടുത്തണം. ഞാന്‍ പ്രാര്‍ത്ഥിക്കാം പ്ലീസ്… അവനൊന്നും പറ്റരുത്.”
“ശരി ഞാന്‍ അവനെ ഒന്നു പോയി കാണട്ടെ.”
“കാണാനോ?”
“അതേ, ഞാന്‍ ഇന്നാളൊരിക്കല്‍ നിന്നെ കാണാന്‍ വന്നില്ലേ? അതുപോലെ.”

“ശരി, പക്ഷേ, അവന്‍ ഹിന്ദുക്കുട്ടിയാണ്. കുഴപ്പമുണ്ടോ? ക്രിസ്ത്യാനികളെ മാത്രമേ സുഖപ്പെടുത്തത്തൊള്ളോ?”
“ദൈവത്തിനും മാലാഖാമാര്‍ക്കും ജാതിയും മതവും ഒന്നുമില്ല. ചെറിയ കുട്ടികളും വലിയവരും എല്ലാവരും ദൈവത്തിന്‍റെ മക്കളാണ്. നീ ഞങ്ങളുടെ കൂട്ടുകാരനല്ലേ, നീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ കേള്‍ക്കാതിരിക്കുമോ? ഞാന്‍ വാക്കുതരുന്നു, ആ കുഞ്ഞ് സുഖപ്പെട്ടിരിക്കും. നിന്‍റെ വിശ്വാസമാണ് ഞങ്ങളെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. നീ സമാധാനമായി പോകൂ.”

“ഏയ്ഞ്ചല്‍ പ്രോമിസ്?”
“അതേ, ഏയ്ഞ്ചല്‍ പ്രോമിസ്.” മാലാഖ തന്‍റെ ചെറുവിരല്‍ അവന്‍റെ ചെറുവിരലിനോടു കോര്‍ത്തുപിടിച്ചു.
അവനുറപ്പാണ്, മാലാഖ പറഞ്ഞാല്‍ തീര്‍ച്ചയായും അതു ചെയ്യും.
രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന സമയമെല്ലാം അശ്വിനെയോര്‍ത്ത് അവന്‍ പ്രാര്‍ത്ഥിച്ചു.
“അശ്വിന്‍റെ രോഗം ഭേദമാക്കണേ.”
രാത്രിയില്‍ സ്വപ്നത്തിലും റാഫേല്‍മാലാഖയെ അവന്‍ കണ്ടു.
രാവിലെ എഴുന്നേറ്റപ്പോള്‍ ത്തന്നെ അമ്മയുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങി. വിശാലിനെ വിളിക്കണം. മാലാഖമാരോടു സംസാരിച്ചത് പറയാന്‍ സാധിക്കില്ല, ആരും അതു വിശ്വസിക്കില്ല, എന്നാലും പ്രാര്‍ത്ഥിക്കാന്‍ പറയാം.

“വിശാല്‍, നമ്മള്‍ റാഫേല്‍ മാലാഖയോടു പ്രാര്‍ത്ഥിച്ചാല്‍ അശ്വിന്‍റെ അസുഖം മാറും.”
“എടാ, ഇതു പനിയല്ല, കാന്‍സര്‍ ആണ് കാന്‍സര്‍.”
“അതേ എനിക്കറിയാം, എന്നാലും നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ മാലാഖ കേള്‍ക്കും.”
“ഞാന്‍ ഒരു ഹിന്ദു, അശ്വിന്‍ ഒരു ഹിന്ദു, മാലാഖ കേള്‍ക്കുമോ?”
“മാലാഖയ്ക്ക് ക്രിസ്ത്യാനി, ഹിന്ദു, മുസ്ലിം എന്നൊന്നും ഇല്ല എല്ലാവരും ദൈവത്തിന്‍റെ മക്കളല്ലേ?’
“എനിക്ക് എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് അറിയില്ല.”
‘നീ അശ്വിന്‍റെ അസുഖം മാറ്റിത്തരണമേ എന്നുമാത്രം പറഞ്ഞാല്‍ മതി.’
“ശരി, നീ പറഞ്ഞാല്‍ ഞാന്‍ ചെയ്യാം.”
“പ്രോമിസ് ആണോ?”
“ഇതിനൊക്കെ ഞാന്‍ കള്ളം പറയുമോ? നിന്നെപ്പോലെ അവനും എന്‍റെ കൂട്ടുകാരന്‍ അല്ലേ? പ്രോമിസ്! ഞാന്‍ പ്രാര്‍ത്ഥിക്കും.”

ഫോണ്‍ വച്ചപ്പോള്‍ എന്തോ ഒരു ആശ്വാസം തോന്നി പിങ്ക്ളാങ്കിക്കും.
ഒരു ദിവസം അമ്മ പപ്പയോടു പറയുന്നതു കേട്ടു:
“ആ മാലാഖമാരുടെ രൂപം ഇവിടെ കൊണ്ടുവെച്ചിട്ടു കുറെ നാളായല്ലോ, ആ പള്ളിപണി ഇതുവരെ കഴിഞ്ഞില്ലേ ആവോ.”
അതു കേട്ടപ്പോള്‍ പിങ്ക്ളാങ്കിക്കു വിഷമവും സങ്കടവുമായി. പള്ളി പണിതുകഴിഞ്ഞാല്‍ മാലാഖമാര്‍ പോകും. അവനതു ചിന്തിക്കാന്‍കൂടി വയ്യാ. മാലാഖാമാരുമായി അത്രയ്ക്ക് അടുപ്പമായി. അവര്‍ക്കും ഇവിടെനിന്നു പോകുന്നതു വിഷമമായിരിക്കും.

ദിവസങ്ങള്‍ അങ്ങനെ പോയി സ്കൂള്‍ തുറക്കാന്‍ ഇനി ഒരാഴ്ചയേയുള്ളൂ. ദിവസവും ഒരു പ്രാവശ്യമെങ്കിലും പിങ്ക്ളാങ്കി മാലാഖമാരെ സന്ദര്‍ശിക്കും. പള്ളിപണി തീര്‍ന്നാല്‍ പോകുമോ എന്നു ചോദിക്കുന്നില്ല, പോകണമെന്ന് അവനറിയാം.
പിപ്പിന്‍റെ കൂടു ശരിയായി. അവനെ അങ്ങോട്ടു മാറ്റിപ്പാര്‍പ്പിച്ചു. എന്നാലും, അവന്‍ കൂടുതല്‍ സമയവും പിങ്ക്ളാങ്കിയുടെ കൂടെത്തന്നെയാണ്.
രണ്ടു പേരുടെയും കളി കാണുമ്പോള്‍, പിങ്ക്ളാങ്കി പറയുന്നതൊക്കെ പിപ്പിനു മനസ്സിലാകുന്നുണ്ടെന്നും ചിലപ്പോള്‍ അവന്‍ ചിരിക്കുന്നപോലെയുമൊക്കെ ആശയ്ക്കു തോന്നും.

അശ്വിന്‍റെ വിവരമറിയാന്‍ വിശാലിനെ വിളിച്ചെങ്കിലും പുതിയതായി ഒന്നും അറിഞ്ഞില്ല. എന്നാലും കൂട്ടുകാര്‍ രണ്ടുപേരും പ്രാര്‍ത്ഥന തുടര്‍ന്നു.

തുടരും …

പുഷ്പമ്മ ചാണ്ടി, ചെന്നൈ

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

Send your news and Advertisements

You may also like

error: Content is protected !!