Friday, May 29, 2026
Home » അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം

by Editor

ഇസ്ലാമാബാദ്: ഇന്ന് (ഞായറാഴ്ച) പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളായ നംഗർഹാർ (Nangarhar), പക്തിക (Paktika) പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ മിന്നലാക്രമണം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് പാക് സർക്കാർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഡസൻ കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. എന്നാൽ 28 ടിടിപി (TTP) ഭീകരരെ വധിച്ചതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഖൈബർ പഖ്തുൻഖ്വയിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ. ആക്രമണകാരി അഫ്ഗാൻ പൗരനാണെന്ന് അധികൃതർ പിന്നീട് പറഞ്ഞു. അതിർത്തി ഓപ്പറേഷന് മണിക്കൂറുകൾക്ക് മുമ്പ്, ബന്നു ജില്ലയിലെ സുരക്ഷാ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഫെബ്രുവരി ആദ്യവാരം ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണവും വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബജൗർ (Bajaur), ബന്നു (Bannu) എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുമാണ് പെട്ടെന്നുള്ള സൈനിക നടപടിക്ക് കാരണമായത്. ഒക്ടോബർ മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘർഷഭരിതമായി തുടരുകയാണ്. അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും, സാധാരണക്കാരും കൊല്ലപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!