Friday, October 31, 2025
Mantis Partners Sydney
Home » ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ പാക്കിസ്ഥാൻ
ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ പാക്കിസ്ഥാൻ

ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ പാക്കിസ്ഥാൻ

by Editor

ഇസ്ലാമാബാദ്: പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി ഗാസയിൽ ഇരുപതിനായിരത്തോളം പാക്കിസ്ഥാൻ സൈനികരെ വിന്യസിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ടു ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീർ ഈജിപ്‌തിൽ ഈ മാസം തുടക്കത്തിൽ രഹസ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാക്കിസ്ഥാൻ കടന്നതെന്ന് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ സമാധാന കരാറിൽ യുദ്ധാനന്തര ഗാസയിലെ പുനർ നിർമാണവും പുനരധിവാസവും ഉൾപ്പെടുത്തിയിരുന്നു. കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നായിരിക്കും പാക്കിസ്ഥാന്റെ പ്രവർത്തനം. ധാരണയിലെ നിബന്ധന പ്രകാരം, ഇസ്രയേലിനും ഗാസയ്ക്കുമിടയിൽ പാക് സേന സംരക്ഷണ സംവിധാനം ആയാണ് പ്രവർത്തിക്കുക. പുനർനിർമാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണ നിർവഹണത്തിന് സുരക്ഷാകവചമായി പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിക്ക് കീഴിൽ പലസ്തീൻ അതോറിറ്റിക്ക് (PA) അധികാരം കൈമാറുന്നത് വരെ സുരക്ഷ നൽകാനാണ് ഈ അന്താരാഷ്ട്ര സുരക്ഷാ സേന ലക്ഷ്യമിടുന്നത്.

ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറാകാത്ത പാക്കിസ്ഥാൻ, ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണ് ഈ ദൗത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുനരധിവാസത്തിൻ്റെയും പുനർ നിർമാണത്തിൻ്റേയും മറവിൽ ഗാസയിൽ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്‌മ ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിന് പകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകൾ ലഭിക്കും. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതൽ ഗഡുക്കൾ തുടങ്ങിയവയടക്കം പലതരം സാമ്പത്തിക സഹായങ്ങൾ പാക്കിസ്ഥാന് അമേരിക്ക വാഗ്‌ദാനം ചെയ്‌തതായും റിപ്പോർട്ടിലുണ്ട്. ഗാസയിൽ പാക് സൈന്യത്തെ വിന്യസിക്കുന്നതിനെ തുർക്കി, ഖത്തർ, ഇറാൻ അടക്കമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തേക്കുമെന്നും സൂചനയുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപര്യം നിറവേറ്റുന്നതിനുള്ള നീക്കമായാണ് ഈ രാജ്യങ്ങൾ ഇതിനെ കാണുന്നത്. അമേരിക്കയും ഇസ്രയേലും പാക്കിസ്ഥാൻ സൈന്യത്തെ ഗാസയിൽ ഉപകരണമായി ഉപയോഗിക്കുകയാണെന്നും സാമ്പത്തികമായി അരക്ഷിതാവസ്ഥയിലുള്ള പാക്കിസ്ഥാന് ഇത് അതിജീവനത്തിനുള്ള വിലപേശലാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കാത്ത പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരവും അഭൂതപൂർവവുമായ ഒരു നീക്കമാണ്. ഇസ്രായേലിന്റെ സുരക്ഷാ ഓപ്പറേഷനുകളിൽ ആദ്യമായി പാക്കിസ്ഥാൻ പങ്കാളിയാകുന്നുവെന്നത് പശ്ചിമേഷ്യയിലെ രാഷ്ട്രീയം ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയാണ്. ഇസ്ലാമിക ഭീകരന്മാരെ ഇസ്ലാമിക രാജ്യത്തിന്റെ സൈനികരെ കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഇസ്രായേൽ അമേരിക്ക കുബുദ്ധിയിൽ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വീഴുകയായിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!