ഇസ്ലാമബാദ്: ഇറാനിൽ ആക്രമണം നടത്താൻ അമേരിക്ക ഒരുങ്ങുന്നു എന്ന വാർത്തകൾ വരുന്നതിനിടെ പാക്കിസ്ഥാനിൽ അടിയന്തര യോഗം വിളിച്ച് പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രശ്‌നത്തിൽ ഇടപെടാനുള്ള യു.എസിൻ്റെ നീക്കം ഇറാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനെ ബാധിക്കുമോ എന്നതാണ് പാക് ആശങ്കയ്ക്ക് കാരണം.
അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കിൽ ട്രംപ് പാക്കിസ്ഥാൻ്റെ വ്യോമാതിർത്തിയിലേക്കോ സൈനിക താവളങ്ങളിലേക്കോ പ്രവേശനം തേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത്തരം ഒരു ആവശ്യം പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയേക്കാം. ആവശ്യം നിഷേധിക്കുന്നത് ട്രംപിനെ പ്രകോപിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്യും. അതേസമയം അത് അംഗീകരിക്കുന്നത് രാജ്യത്തെ ഷിയാ ജനവിഭാഗത്തെയും ലോകത്തെ മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും പാക്കിസ്ഥാനിൽ നിന്ന് അകറ്റാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നു. ഈ കരണങ്ങളൊക്കെയാണ് പാക് ആശങ്കക്ക് കാരണം.
ഇസ്രയേലിന്റെയും അമേരിക്കയുടെയും ബോംബാക്രമണങ്ങളിൽ ഇറാൻ തകർന്നിരിക്കെ പുതിയൊരു ആക്രമണം ഭരണത്തെ അസ്ഥിരപ്പെടുത്താനും അതിൻ്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനുമായുള്ള പാക്കിസ്ഥാൻ്റെ അതിർത്തി സംഘർഷ ഭരിതവും ഏറ്റുമുട്ടലുകൾക്ക് സാധ്യത ഉള്ളതുമാണ്. അതോടൊപ്പം ഇറാനുമായുള്ള അതിർത്തിയും അസ്ഥിരമായാൽ പാക്കിസ്ഥാന് അത് താങ്ങാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.



