ഛത്തീസ്‌ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു.
അതേസമയം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ. വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്തി. മലയാളി സിസ്റ്റർമാർ അറസ്റ്റിലാക്കപ്പെട്ട വിഷയത്തിൽ സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശ്രീ.വിജയ് ശർമയും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പ് കിട്ടിയെന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്‍ത്തനം നിരോധന നിയമം ഉള്ള നാടാണ്. പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയമാണെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും നിയമത്തെ അട്ടിമറിച്ചല്ല സര്‍ക്കാര്‍ ഇടപെട്ടതെന്നും അനൂപ് ആന്റണി പറഞ്ഞു.
ഇതിനിടെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. ബജ്റംഗ്‌ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനത്തിന് ശേഷം പറഞ്ഞു.
ബജ്റംഗ്ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സഭവത്തിൽ നീതി ലഭിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അനൂപ് ആന്റണിയെ അയച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കുന്നവരെ ബിജെപി കൂടിയുണ്ടാകും. ആവശ്യമെങ്കിൽ താനും അവിടെ പോകും. സിസ്റ്റർമാർ എന്ത് ചെയ്തുവെന്ന വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. പക്ഷേ മതപരിവർത്തന ശ്രമം നടന്നുവെന്നത് തെറ്റാണ് എന്ന് തെളിയിക്കും. ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് ദുർഗിൽ സംഭവിച്ചത്. മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ല. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. നീതി ലഭിക്കും. കോൺഗ്രസാണ് മതപരിവർത്തന നിരോധന നിയമം പാസാക്കിയതെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ അവർ അവസരവാദം രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. അത് ജനങ്ങൾ മനസ്സിലാക്കണം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഛത്തീസ്‌ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ ഞായറാഴ്‌ച അറസ്റ്റിലായത്. ഇരുവരും നിലവിൽ ദുർഗ് ജയിലിലാണുള്ളത്. ഒരു പറ്റം ബജ്‌റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.