തിരുവനന്തപുരം: വികസിത കേരളം മുന്‍നിര്‍ത്തി വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മേയര്‍ വി.വി. രാജേഷ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്‍റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഒരു ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ നൽകും, പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും, ആയുഷ്‌മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന ‘എംപ്ലോയ്മെന്റ് ലിങ്ക്‌ഡ് ഇൻസെന്റീവ് സ്‌കീം’ നടപ്പിലാക്കും, ഓരോ കോർപറേഷനെയും നാടിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികൾ ആവിഷ്‌കരിക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

