ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാൻ വിസമ്മതിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. ഈ കുറ്റപ്പത്രമാണ് ഇഡി കോടതിയിൽ സമർപിച്ചത്. എതെങ്കിലും എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ല ഇഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നിലവിൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ഡൽഹി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. സാം പിത്രോഡ, ഓസ്‌കാർ ഫെർണാണ്ടസ്, മോത്തിലാൽ വോറ, സുമൻ ദുബൈ എന്നിവരാണ് മറ്റ് പ്രതികൾ. യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേണൽ ലിമിറ്റഡിന്റെ 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നാണ് കേസ്.
അതേസമയം നാഷണൽ ഹെറാൾഡ് കേസ് രാഹുൽ ഗാന്ധിയുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുതിർന്ന പാർട്ടി നേതാവ് പവൻ ഖേര ആരോപിച്ചു. ഈഡി കുറ്റപത്രം കോടതി തള്ളിയ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയത്. ഗൂഢാലോചന എംപിക്കെതിരെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



