മുംബൈ: മുംബൈ നഗരത്തിൽ ചാവേറാക്രമണ ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഗണേശോത്സവം ഇന്ന് സമാപിക്കാനിരിക്കെ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി. 14 പാകിസ്ഥാനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും മനുഷ്യ ബോംബുകളുള്ള 34 കാറുകൾ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്‌സ് സ്ഫോടനം നടത്തുമെന്നുമാണ് ഭീഷണി.
ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്. ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ തിങ്കളാഴ്‌ച പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.