ന്യൂഡല്‍ഹി: ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദം പ്രധാനമന്ത്രി തളളി. ദൗത്യം പൂര്‍ത്തിയായതുകൊണ്ടാണ് ആക്രമണം ഇന്ത്യ നിർത്തിയത്. മെയ് ഒമ്പതിന് രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി മോദി വെളിപ്പെടുത്തി. ഒരുപാട് തവണ അദ്ദേഹം വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ സമയത്തൊക്കെ തിരക്കിലായിരുന്നു. പിന്നീട് അദ്ദേഹത്തെ താന്‍ തിരിച്ചു വിളിച്ചുവെന്നും മോദി പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ വലിയ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന് ജെ ഡി വാന്‍സ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അതിന് നല്ല മറുപടി തന്നെ നല്‍കുമെന്നാണ് മറുപടി നൽകിയത്. ഇന്ത്യയുടെ തിരിച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തത വരുത്തി. ഭീകരതയ്ക്കെതിരായ പ്രതിരോധ നടപടികളില്‍ ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചത് 190-ല്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞാൻ എപ്പോഴും രാജ്യത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നത്. ഏപ്രില്‍ 22-ന് നടന്നത് അതിക്രൂരമായ അതിക്രമമാണ്. മതം ചോദിച്ചാണ് ഭീകരർ ഓരോരുത്തരെയും കൊലപ്പെടുത്തിയത്. അവരുടെ ലക്ഷ്യം രാജ്യത്ത് വർഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടിയായിരുന്നു. എന്നാൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് ആ നീക്കത്തെ പരാജയപ്പെടുത്തി. ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള തിരിച്ചടി നല്‍കുമെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. മെയ് ആറ്, ഏഴ് തീയതികളിലായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന് ഒന്നും ചെയ്യാനായില്ല. പാക്കിസ്ഥാന്റെ ന്യൂക്ളിയര്‍ ബ്ളാക്ക്മെയിലിന് കൂടിയാണ് ഇന്ത്യ മറുപടി നല്‍കിയത്. അവരെ നമ്മളൊരു പാഠം പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മുൻപും പലതവണ സംഘർഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാൻ്റെ ഉള്ളിൽ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാൻപോലും കഴിയാത്ത സ്‌ഥലങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്‌ഥാൻ്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്‌തി ലോകം അറിഞ്ഞു. ഇന്ത്യൻ നിർമിത ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് മോദിയുടെ പ്രതികരണം.
ഓപ്പറേഷന്‍ സിന്ദൂറിനെ ഒരു തമാശയായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും ഇന്ത്യക്ക് കശ്മീരിലെ മണ്ണ് നഷ്ടമായത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും പ്രധാനമന്ത്രി വിമർശിച്ചു. നെഹ്റുവിന്റെ രാഷ്ട്രീയം ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഗുണം ചെയ്തു. ജലകരാറില്‍ വരെ നെഹ്റുവിനെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലാക്കി. നെഹ്റുവിന്റേത് പാക് അനുകൂല നയമായിരുന്നു. സിന്ധു നദി ജലകരാറിലൂടെ 80 ശതമാനം വെള്ളം ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന് കോണ്‍ഗ്രസ് നല്‍കിയതായും മോദി ആരോപിച്ചു. ഇന്ത്യയെ ശത്രുവായി കരുതുന്ന രാജ്യത്തിനാണ് വെള്ളം നൽകിയത്. നെഹ്റുവിന്റെ തെറ്റ് സർക്കാർ തിരുത്തി. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
കാശ്മീരിന്റെ മേഖലകള്‍ പാക്കിസ്‌ഥാൻ കയ്യേറിയത് കോണ്‍ഗ്രസ് കാലത്താണെന്നും മോദി പറഞ്ഞു. ഇന്ത്യ നടത്തിയ ഏയര്‍ സ്ട്രൈക്കുകള്‍ക്ക് തെളിവ് ചോദിക്കുകയാണ് കോണ്‍ഗ്രസ്. ആക്രമണത്തിന്റെ ഫോട്ടോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. നിരാശയില്‍ നിന്നു കൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഓപ്പറേഷന്‍ സിന്ദൂരിനെതിരായ ചോദ്യങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ കൂടിയാണ്. അതിന് രാജ്യത്ത് ഇടമില്ലെന്ന് മോദി വ്യക്തമാക്കി. പാക്കിസ്‌ഥാന്റെ കള്ളപ്രചരണങ്ങള്‍ പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മെയ് ഏഴിന് ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായെന്ന് പാക്കിസ്‌ഥാനെ അറിയിച്ചിരുന്നു. പാക്കിസ്‌ഥാന്റെ നീക്കം അറിയാന്‍ വേണ്ടി തന്നെയായിരുന്നു അത്. ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് മെയ് ഒമ്പതിന് രാത്രി ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകി. നമ്മുടെ മിസൈലുകൾ പാക്കിസ്ഥാന്റെ ഓരോ മുക്കിലും മൂലയിലും പ്രഹരിച്ചു. ആ ആക്രമണത്തില്‍ പാക്കിസ്‌ഥാന് പിടിച്ചുനില്‍ക്കാനായില്ല. ഉടന്‍ അപേക്ഷയുമായി പാക്കിസ്‌ഥാനെത്തി. ഇനി ആക്രമിക്കരുതെന്ന് പാക്കിസ്ഥാൻ ഡിജിഎംഒ ഫോൺ വിളിച്ച് അഭ്യർഥിച്ചു. മേയ് 10-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള ആക്രമണം അവസാനിപ്പിച്ചു. പല സംസാരങ്ങൾ ഇതിനെ സംബന്ധിച്ചുണ്ടായി. ചിലർ ഇന്ത്യൻ സൈന്യം പറഞ്ഞതല്ല, പാക്കിസ്ഥാൻ പറഞ്ഞ കള്ളങ്ങളാണ് വിശ്വസിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം 100 ശതമാനം ലക്ഷ്യം നേടിയെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഇനിയും സാഹസത്തിനു പാക്കിസ്ഥാന്‍ മുതിർന്നാൽ കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.